എം.കെ സ്റ്റാലിനും കനിമൊഴിക്കുമെതിരെ അധിക്ഷേപ പരാമർശം; ഹിന്ദുത്വ സംഘടനാ പ്രവർത്തകനും സുഹൃത്തും അറസ്റ്റിൽ
ഇരുവരും മദ്യപിച്ച് സ്റ്റാലിനെയും കനിമൊഴിയെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.


ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡിഎംകെ എംപിയും സഹോദരിയുമായ കനിമൊഴിക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകനും സുഹൃത്തും അറസ്റ്റിൽ. ഹിന്ദു മുന്നണി പ്രവർത്തകനും കോയമ്പത്തൂർ കോവിൽപാളയം സ്വദേശിയുമായ ശിവ, ഇയാളുടെ സുഹൃത്ത് ചന്ദ്രശേഖർ എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും മദ്യപിച്ച് സ്റ്റാലിനെയും കനിമൊഴിയെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ശിവ ചന്ദ്രശേഖറിനൊപ്പം ഒരു പ്രാദേശിക ബാറിൽ മദ്യപിക്കുന്നതിനിടെയാണ് വിവാദ വീഡിയോ പകർത്തിയത്.
വീഡിയോയിൽ, ശിവ ഒരു മദ്യക്കുപ്പി ഉയർത്തുകയും അതിന്റെ ഗുണനിലവാരത്തെ വിമർശിക്കുകയും അടുത്തിടെ നടന്ന ഡിഎംകെ പ്രചാരണത്തെ പരാമർശിച്ച് മുഖ്യമന്ത്രി സ്റ്റാലിനെ 'അപ്പ' (അച്ഛൻ) എന്നുവിളിച്ച് പരിഹസിക്കുകയും ചെയ്തു.
തുടർന്ന് കനിമൊഴിയെക്കുറിച്ച് അപകീർത്തി പരാമർശങ്ങൾ നടത്തുകയും അവരെ 'അത്തായി' (അമ്മായി)യോട് ഉപമിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു. ശേഷം വീഡിയോ ഇവർ സോഷ്യൽമീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ വൻ പ്രതിഷേധത്തിന് ഇടയാക്കി.
പിന്നാലെ, ഡിഎംകെ ഐടി വിങ് സെക്രട്ടറി ശക്തിവേൽ കോവിൽപാളയം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ശിവയെയും ചന്ദ്രശേഖറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.