റെയിൽവെ നിയമന അഴിമതിക്കേസ്; ലാലുവിന് മുന്‍കൂര്‍ ജാമ്യം
ഡൽഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്
ഡല്‍ഹി: റെയിൽവെ നിയമനത്തിന് ഭൂമി കോഴയായി വാങ്ങിയെന്ന കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും മുൻകൂർ ജാമ്യം. ഡൽഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി 50,000 രൂപ വീതം കെട്ടിവയ്ക്കണം.
കേസിലെ വിചാരണ ഇന്ന് ആരംഭിച്ചു. ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്‍റി ദേവി, മക്കൾ എന്നിവരുൾപ്പെടെ 16 പേരാണ് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾ. ഗൂഢാലോചന, അഴിമതി, അധികാര ദുർവിനിയോഗം ഉൾപ്പടെയുള്ള വകുപ്പുകളാണ് ലാലു പ്രസാദ് യാദവിനും മറ്റ് പ്രതികൾക്കും എതിരെ ചുമത്തിയിരിക്കുന്നത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് ഉൾപ്പടെയുള്ള 16 പ്രതികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡി അന്വേഷണവും പുരോഗമിക്കുകയാണ് . ലാലു കേന്ദ്ര മന്ത്രിയായിരുന്ന കാലത്തെ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെയും സി.ബി.ഐ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.