ബി.ജെ.പിക്കെതിരെ വീണ്ടും ആർ.എസ്.എസ്; ഐ.ടി സെല്ലിനെ വിമർശിച്ച് മുതിർന്ന നേതാവ്
ആർ.എസ്.എസ് മുഖപത്രം 'ഓർഗനൈസറി'ലെ പംക്തിയിലും ശാരദ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ബി.ജെ.പിയെ വിമർശിച്ചിരുന്നു
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ആർ.എസ്.എസ്സിൽനിന്ന് ബി.ജെ.പിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനു പിന്നാലെയും തുടരുന്നു. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്റെ പരോക്ഷ വിമർശനത്തിലൂടെ ആരംഭിച്ച പുതിയ അസ്വാരസ്യങ്ങൾ ഇപ്പോൾ പരസ്യ വിമർശനമായി മാറിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ ബി.ജെ.പി ഐ.ടി സെല്ലിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സംഘ്പരിവാർ നേതാവും എഴുത്തുകാരനുമായ രത്തൻ ശാരദ.
നേരത്തെ, ആർ.എസ്.എസ് മുഖപത്രം 'ഓർഗനൈസറി'ൽ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കടുത്ത ബി.ജെ.പി വിമർശനം നടത്തിയിരുന്നു ശാരദ. ഇപ്പോൾ ബജറ്റിനെതിരായ വിമർശനങ്ങൾക്കെതിരായ ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയുടെ പരിഹാസങ്ങളാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ബി.ജെ.പി ഐ.ടി സെല്ലിന്റെ ഈ പെരുമാറ്റം ഗുരുതരമായ പ്രശ്‌നമാണെന്നു തന്നെ ശാരദ എക്‌സിൽ തുറന്നടിച്ചു.
എല്ലാവരും ഈ രാത്രി ഇൻഡെക്‌സേഷൻ സ്‌പെഷലിസ്റ്റുകളായി മാറിയിരിക്കുകയാണെന്നായിരുന്ന് എക്‌സിലൂടെ അമിത് മാളവ്യയുടെ പരിഹാസം. ഇതിനുള്ള മറുപടിയായാണ് രത്തൻ ശാരദ രൂക്ഷവിമർശനം നടത്തിയത്. ബി.ജെ.പി ഐ.ടി സെല്ലിന്റെ ഈ സമീപനം ഗുരുതരമായ പ്രശ്‌നമാണെന്ന് അദ്ദേഹം വിമർശിച്ചു. 2024ലെ ബജറ്റിന്റെ നല്ല കാര്യങ്ങളെ കുറിച്ചു ലളിതമായ ആശയവിനിമയം നടത്തുന്നതിനു പകരം പൗരന്മാരെ ട്രോളുകളാണ് ചെയ്യുന്നത്. അവരുടെ ഭീതിക്കുള്ള മറുപടി നൽകാൻ നോക്കൂ. അവരെ അപമാനിക്കരുതെന്നും അമിത് മാളവ്യയെ ടാഗ് ചെയ്ത് ശാരദ കുറ്റപ്പെടുത്തി.
രത്തൻ ശാരദയുടെ വിമർശനം ഏറ്റുപിടിച്ചു നിരവധി പേർ രംഗത്തെത്തി. സംഘ്പരിവാർ, ബി.ജെ.പി അനുഭാവികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതോടെ അമിത് മാളവ്യ വിവാദ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. മാളവ്യ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണെന്നും എപ്പോഴും നല്ല ബോധമായിരിക്കണം നയിക്കേണ്ടതെന്നും ശാരദ പിന്നീട് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ജൂൺ എട്ടിന്, മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെയായിരുന്നു ശാരദ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി തെരഞ്ഞെടുപ്പ് വിശകലന ലേഖനം എഴുതിയത്. ഓർഗനൈസറിലെ പംക്തിയിലായിരുന്നു ബി.ജെ.പിയുടെ അമിതാത്മവിശ്വാസം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നത വിമർശനം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അമിതാത്മവിശ്വാസം കൊണ്ടുനടക്കുന്ന ബി.ജെ.പി കാര്യകർത്താക്കൾക്കുള്ള തിരിച്ചറിവിനുള്ള അവസരമാണു തുറന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 ആഹ്വാനം അവർക്കുള്ള ദൗത്യവും പ്രതിപക്ഷത്തിനുള്ള മുന്നറിയിപ്പുമായിരുന്നുവെന്ന കാര്യം അവർ തിരിച്ചറിഞ്ഞില്ല. സ്വന്തം സൗകര്യങ്ങളിൽ സന്തോഷിച്ചിരിക്കുകയായിരുന്നു അത്തരം ബി.ജെ.പി നേതാക്കളും പ്രവർത്തകരും. തെരുവിലെ ശബ്ദങ്ങൾ അവർ ശ്രദ്ധിക്കുന്നില്ലെന്നുമെല്ലാം ലേഖനത്തിൽ വിമർശനമുണ്ടായിരുന്നു.
പതിറ്റാണ്ടുകളായി സംഘ്പരിവാർ എഴുത്തുകാരനും ചിന്തകനുമായി അറിയപ്പെടുന്നയാളാണ് രത്തൻ ശാരദ. ആർ.എസ്.എസ് 360 ഡിഗ്രി, സംഘ് ആൻഡ് സ്വരാജ്, ആർ.എസ്.എസ്-എവല്യൂഷന് ഫ്രം ഏൻ ഓർഗനൈസേഷൻ ടു എ മൂവ്‌മെന്റ്, കോൺഫ്‌ലിക്ട് റെസൊല്യൂഷൻ: ദി ആർ.എസ്.എസ് വേ ഉൾപ്പെടെ ആർ.എസ്.എസ്സിനെ കുറിച്ചു മാത്രം ഏഴ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1975-77ൽ അടിയന്തരാവസ്ഥക്കാലത്ത് സംഘ്പരിവാർ വിദ്യാർഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ(എ.ബി.വി.പി) സജീവ പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥാ നടപടികളുടെ ഭാഗമായി ജയിലിൽ കിടക്കേണ്ടിയും വന്നിട്ടുണ്ട്. ആർ.എസ്.എസ്സിനെ കുറിച്ചുള്ള ഗവേഷണത്തിന് പി.എച്ച്.ഡിയും ലഭിച്ചിട്ടുണ്ട്.
വർഷങ്ങളായി ദേശീയ മാധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആർ.എസ്.എസ് വക്താവായി എത്താറുള്ള മുതിർന്ന നേതാവ് കൂടിയാണ് രത്തൻ ശാരദ. അതുകൊണ്ടുതന്നെ ശാരദയുടെ ബി.ജെ.പി വിമർശനത്തിനു രാഷ്ട്രീയമാനങ്ങളേറെയാണ്.
Summary: Veteran RSS leader and writer Ratan Sharda calls out the BJP it cell and its head Amit Malviya for trolling citizens who criticised Budget 2024