ബി.ജെ.പി ഐ.ടി സെൽ മേധാവിക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആർ.എസ്.എസ് അംഗം
അമിത് മാളവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
ന്യൂഡൽഹി: ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണം. ആർ.എസ്.എസ് അംഗം ശാന്തനു സിൻഹയാണ് ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാളിൽവച്ച് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം.
അതേസമയം, ശാന്തനു സിൻഹക്കെതിരെ മാനനഷ്ടത്തിന് 10 കോടി ആവശ്യപ്പെട്ട് അമിത് മാളവ്യ വക്കീൽ നോട്ടീസയച്ചു. സിൻഹ മാപ്പ് പറയണമെന്നും തെറ്റായ പോസ്റ്റ് പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
അമിത് മാളവ്യക്കെതിരെ ബി.ജെ.പി ഉടൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
‘ബി.ജെ.പി നേതാവ് രാഹുൽ സിൻഹയുമായി ബന്ധമുള്ള ആർ.എസ്.എസ് അംഗം ശാന്തനു സിൻഹയാണ് അമിത് മാളവ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അയാൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. പഞ്ചനക്ഷത്ര ഓഫിസുകളിൽ മാത്രമല്ല, പശ്ചിമ ബംഗാളിലെ ബി.ജെ.പി ഓഫീസുകളിലും ചൂഷണം നടക്കുന്നു.
ഞങ്ങൾ ബി.ജെ.പിയോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്, സ്ര്തീകൾക്ക് നീതി വേണം. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ബി.ജെ.പി ഐ.ടി സെൽ മേധാവിക്കെതിരെ ഗുരുതര ആരോപണമാണ് ഉയർന്നിട്ടുള്ളത്. അദ്ദേഹത്തെ ഐ.ടി സെൽ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കിൽ സത്യസന്ധമായ അന്വേഷണം നടക്കില്ല’ -സുപ്രിയ ശ്രീനേറ്റ് കൂട്ടിച്ചേർത്തു.