'അഴിമതിക്കെതിരെ മെയ് അവസാനിക്കും മുന്‍പ് നടപടിയെടുക്കണം, ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം': ഗെഹ്ലോട്ടിന് മുന്നറിയിപ്പുമായി സച്ചിൻ പൈലറ്റ്

'അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചത് മൂലമുണ്ടാകുന്ന എന്തുനഷ്ടവും സഹിക്കാൻ തയ്യാറാണ്'

Update: 2023-05-15 11:13 GMT
Advertising

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരും. ഈ മാസം അവസാനിക്കും മുന്‍പ് അഴിമതിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കും. ചോദ്യപേപ്പർ ചോർച്ചയിലും സർക്കാർ നടപടി സ്വീകരിക്കണം. അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചത് മൂലമുണ്ടാകുന്ന എന്തുനഷ്ടവും സഹിക്കാൻ തയ്യാറാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ജൻ സംഘർഷ് പദയാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സച്ചിൻ പൈലറ്റ്.

വസുന്ധര രാജെ സിന്ധ്യ നയിച്ച ബി.ജെ.പി സർക്കാർ നടത്തിയ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിൻ പൈലറ്റ് ജൻസംഘർഷ് യാത്ര ആരംഭിച്ചത്. അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റിന്‍റെ യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ യാത്രയെ കോൺഗ്രസ് ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി 6 മാസം അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സമയമുണ്ടെന്നും സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയ്യാറാകണമെന്നുമാണ് സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം.

ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ നേതൃത്വത്തെ പോലും തന്‍റെ യാത്ര കൊണ്ട് സച്ചിൻ പൈലറ്റ് പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കർണാടക തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ രാജസ്ഥാനിലെ പാർട്ടി തർക്കം പരിഹരിക്കാൻ ദേശീയ നേതൃത്വം ശ്രമങ്ങൾ പുനരാരംഭിക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News