'വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമം ഭരണകൂടത്തിന് ചേർന്നതല്ല': സാദിഖലി തങ്ങൾ
ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി ചർച്ചക്ക് വിളിച്ചത് അസംതൃപ്തി ബോധ്യപ്പെട്ടതിനാലാകാമെന്ന് മുസ്‍ലിം ലീഗ്
കോഴിക്കോട്: ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി ചർച്ചക്ക് വിളിച്ചത് അസംതൃപ്തി ബോധ്യപ്പെട്ടതിനാലാകാമെന്ന് മുസ്‍ലിം ലീഗ്. മണിപ്പൂർ കലാപത്തിന്റെ ബുദ്ധിമുട്ട് ഇപ്പോഴും അവസാനിച്ചിട്ടില്ല. മുസ്‍ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റുന്നത് നല്ല കാര്യമാണ്. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമം ഭരണകൂടത്തിന് ചേർന്നതല്ലെന്നും മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഏതുവിശ്വാസവും അനുസരിച്ച് ജീവിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. സർക്കാർ ആരുടെയെങ്കിലും വിശ്വാസത്തെ ഇകഴ്ത്താൻ തയ്യാറാകരുതെന്നും ലീഗ് അധ്യക്ഷൻ പറഞ്ഞു.
ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് ഡൽഹിയിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്മസ് വിരുന്ന് നടത്തിയത്. ക്രൈസ്തവ വിഭാഗത്തെ ബിജെപിയുമായി ചേർത്തു നിർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് വിരുന്ന് ഒരുക്കിയത്.
ബിഷപ്പ് അനിൽ കൂട്ടോ, ബിഷപ്പ് പോൾ സ്വരൂപ്, ജോയ് ആലുക്കാസ്, പോൾ മുത്തൂറ്റ്, അഞ്ജു ബോബി ജോർജ്, ടെസി തോമസ് (ശാസ്ത്രജ്ഞ), ജെനീലിയ ഡിസൂസ (നടി), അനൂപ് ആന്റണി ജോസഫ് തുടങ്ങി 56 പ്രമുഖ വ്യക്തികളാണ് വിരുന്നിൽ പങ്കാളികളായത്.
വിരുന്നിനെ വിമർശിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. മോദിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർ മണിപ്പൂരിലെ കുറിച്ച് ചോദിക്കണമായിരുന്നു എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാകുമെന്നും അദ്ദേഹം വിമർശിച്ചു.