പൊലീസുകാർ നോക്കി നിൽക്കേ ബി.ജെ.പി നേതാവിന്റെ ഭർത്താവിനെ തല്ലി സമാജ് വാദി പാർട്ടി എം.എൽ.എ
പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുകയായിരുന്ന തന്നെയും പാർട്ടി പ്രവർത്തകരെയും അസഭ്യം പറയുകയും അനുയായികളെ മർദിക്കുകയും ചെയ്തെന്ന് എം.എല്‍.എ
അമേഠി: ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവിന്റെ ഭർത്താവിനെ പൊലീസ് സ്റ്റേഷനിൽവെച്ച് തല്ലി സമാജ് വാദി പാർട്ടി എം.എൽ.എ.രാകേഷ് പ്രതാപ് സിംഗ് എം.എൽ.എയാണ് ബി.ജെ.പി മുനിസിപ്പൽ തെരഞ്ഞെടുപ്പ് സ്ഥാനാർഥി രശ്മി സിംഗിന്റെ ഭർത്താവ് ദീപക് സിങ്ങിനെ അമേഠി ജില്ലയിലെ ഗൗരിഗഞ്ച് കോത്ത്‍വാലി പൊലീസ് സ്റ്റേഷനിൽ വെച്ച് തല്ലിയത്.
മർദനത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി പൊലീസുകാരും പാർട്ടി പ്രവർത്തകരും നോക്കി നിൽക്കെയായിരുന്നു മർദനം. പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുകയായിരുന്ന തന്നെയും പാർട്ടി പ്രവർത്തകരെയും ദീപക് സിംഗ് അസഭ്യം പറയുകയും അനുയായികളെ മർദിക്കുകയും ചെയ്തു. ഇതിനെതിരെ പൊലീസ് നടപടി എടുത്തില്ല. ഇതിനെതുടർന്നാണ് താൻ മർദിച്ചത് എന്നാണ് എം.എൽ.എയുടെ വിശദീകരണം.
അതേസമയം, ഇരുവരും ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രണ്ട് രാഷ്ട്രീയ എതിരാളികൾ മുഖാമുഖം വന്നപ്പോൾ അവരെ തടയാൻ പൊലീസിന് സമയം ലഭിച്ചില്ലെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. പിന്നീട് പൊലീസ് എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. പ്രശ്‌നം പരിഹരിച്ചെന്നും രണ്ടുപേർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.