ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് എസ്.പിയും: കോൺഗ്രസ് എൻ.സി സഖ്യത്തിന് പിന്തുണ
തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയോ മൂന്നാമത്തേയോ ഘട്ടത്തില്‍ എസ്.പി. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം
ശ്രീനഗര്‍: ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്.പി) ജമ്മുകശ്മീര്‍ അധ്യക്ഷന്‍ ജിയ ലാല്‍ വര്‍മ്മ. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്(എന്‍.സി) സഖ്യത്തെ പിന്തുണയ്ക്കുമെന്നും എസ്.പി നേതാവ് പറഞ്ഞു.
അതേസമയം എസ്.പിക്ക് സീറ്റൊന്നും പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ തയ്യാറാക്കിയ സീറ്റ് പങ്കിടൽ ധാരണ പ്രകാരം നാഷണൽ കോൺഫറൻസ് ആകെയുള്ള 90ല്‍ 51 സീറ്റുകളിലും കോൺഗ്രസ് 32 സീറ്റുകളിലും മത്സരിക്കും. അഞ്ച് സീറ്റുകളിൽ ഇരു പാർട്ടികളും സൗഹൃദ മത്സരവുമുണ്ട്. സിപിഐഎമ്മിനും പാന്തേഴ്‌സ് പാർട്ടിക്കും ഓരോ സീറ്റ് വീതവും വിട്ടുകൊടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയോ മൂന്നാമത്തേയോ ഘട്ടത്തില്‍ എസ്.പി. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.
അതേസമയം ആദ്യഘട്ട പോളിങ് നടക്കുന്ന ഏഴ് ജില്ലകളിലെ 24 നിയമസഭാ മണ്ഡലങ്ങളിലായി, 279 സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിച്ചു. ആദ്യഘട്ട തെരഞ്ഞടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27ന് ആയിരുന്നു. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽ 5.66 ലക്ഷം യുവാക്കൾ ഉൾപ്പെടെ 23.27 ലക്ഷത്തിലധികം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതില്‍ 11.51 ലക്ഷം പേര്‍ സ്ത്രീകളും 11.76 ലക്ഷം പേര്‍ പുരുഷന്മാരും 60 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ടായിരുന്നു. പോളിങും വര്‍ധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും അതിനനുസരിച്ചുള്ള ആവേശം പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.