'അതേ കാബിനറ്റ്, അതേ ധനമന്ത്രി, അതേ മോശം ബജറ്റ്'; ധനമന്ത്രിക്കും കേന്ദ്രസർക്കാറിനുമെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര
നികുതി സമ്പ്രദായത്തിലെ അസന്തുലിതാവസ്ഥയിലും മൊയ്ത്ര കേന്ദ്രസർക്കാറിനെ കടന്നാക്രമിച്ചു
ഡൽഹി: ബജറ്റിലൂടെ ജനങ്ങളെ പരിഹസിച്ചുവെന്നാരോപിച്ച് ധനമന്ത്രി നിർമല സീതാരാമനെതിരെ ആഞ്ഞടിച്ച് ലോക്സഭാംഗം മഹുവ മൊയ്ത്ര. സാധാരണക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടെന്നും ലോക്സഭയിൽ സംസാരിക്കവെ മൊയ്ത്ര വിമർശിച്ചു. 'ഈ നാട്ടിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നു, എന്നാൽ നിങ്ങൾ ചെയ്തത് നേരെ മറിച്ചാണ്. കഴിഞ്ഞ വർഷങ്ങളിലേതുപോലെ അതേ കാബിനറ്റ്, അതേ ധനമന്ത്രി, അതേ മോശം ബജറ്റ് നൽകിയ അതേ ധനമന്ത്രിയെ നിങ്ങൾ ഇത്തവണയും നിലനിർത്തി," മൊയ്‌ത്ര പറഞ്ഞു.
മധ്യവർഗത്തിലും ദരിദ്രരിലും ബജറ്റ് ഉണ്ടാക്കുന്ന ആഘാതം ചൂണ്ടിക്കാട്ടിയ തൃണമൂൽ എംപി ആർക്ക് വേണ്ടിയാണ് ഈ ബജറ്റ്? എന്ന ചോദ്യമുന്നയിച്ച് ധനമന്ത്രിയെയും കേന്ദ്രസർക്കാറിനേയും പ്രതിരോധത്തിലാക്കി. 31 ശതമാനത്തോളം വരുന്ന മധ്യവർഗത്തേയും 60-65 ശതമാനത്തോളം വരുന്ന ദരിദ്രരേയും ബജറ്റ് ബോധപൂർവ്വം തഴയുകയായിരുന്നെന്നും, ഈ ഗവൺമെൻ്റിന് ഇത് 'കസേര സംരക്ഷിക്കാനുള്ള' ബജറ്റാണെന്നും മഹുവ ആരോപിച്ചു.
രാജ്യത്തിന്റെ നികുതി സമ്പ്രദായത്തിലെ അസന്തുലിതാവസ്ഥയിലും മൊയ്ത്ര കേന്ദ്രസർക്കാറിനെ കടന്നാക്രമിച്ചു. 'നമ്മുടെ രാജ്യത്തിലെ സമ്പന്നരായ കോർപ്പറേറ്റുകളേക്കാൾ വലിയ നികുതി ഭാരം സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഈ സർക്കാരിനു കീഴിൽ നേരിട്ടുള്ള ആദായനികുതിയുടെ 55 ശതമാനം ഇടത്തരം വിഭാഗം സംഭാവന ചെയ്യുമ്പോൾ, സമ്പന്നരായ കോർപ്പറേറ്റുകൾ സംഭാവന ചെയ്യുന്നത് 45 ശതമാനം മാത്രമാണ്'- മൊയ്ത്ര വ്യക്തമാക്കി. ലൈഫ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയുടെ ഉയർന്ന ജിഎസ്ടി നിരക്കിനെയും ടിഎംസി നേതാവ് വിമർശിച്ചു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജമാണെന്നും ഊർജ സുരക്ഷ കൈകാര്യം ചെയ്യുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മൊയ്ത്ര കേന്ദത്തിനെതിരെ ആഞ്ഞടിച്ചു. സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികൾക്കുള്ള ബജറ്റ് വെട്ടിക്കുറച്ചതിൽ മൊയ്ത്ര പരിഹാസവും രൂക്ഷവിമർശനവും നടത്തി. “ഞങ്ങൾ ഒരു കാര്യത്തിൽ ധനമന്ത്രിയോട് യോജിക്കുന്നു: ഈ വർഷം സി.ബി.ഐ.യുടെയും ഇ.ഡിയുടെയും ബജറ്റ് കുറച്ചു. അവരുടെ ദുരുപയോഗം വോട്ടർമാർക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ അതോ നിങ്ങൾ അവരെ അഹമ്മദാബാദിലെ ഒരു വ്യവസായിയെ ഏൽപ്പിച്ചത് കൊണ്ടാണോ?” മഹുവ ചോദ്യം ചെയ്തു.
അതേസമയം, കർഷകരുടെ അവസ്ഥ വളരെ മോശമാണെന്ന് സമാജ്‌വാദി പാർട്ടി (എസ്‌പി) എംപി നീരജ് മൗര്യ അവകാശപ്പെട്ടു. എന്നാൽ സർക്കാരിന് അതിൽ ഒട്ടും ആശങ്കയില്ലെന്നും ബജറ്റിൽ കർഷകർക്ക് യാതൊരു പരിഗണനയും കേന്ദ്രം നൽകിയില്ലെന്നും നീരജ് മൗര്യ ആരോപിച്ചു. നമ്മുടെ യുവാക്കളും ജോലി ലഭിക്കാത്തതിനാൽ അസന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.