സ്വവർഗവിവാഹം: എല്ലാ ഹരജികളും ഇനി സുപ്രിംകോടതി പരിഗണിക്കും; കേന്ദ്ര സർക്കാരിന് നോട്ടിസ്
സ്‌പെഷൽ മാര്യേജ് ആക്ടിൽ ഉൾപ്പെടുത്തി സ്വവർഗവിവാഹം നിയമവിധേയമാക്കണമെന്നാണ് ഹരജികളിൽ ആവശ്യപ്പെടുന്നത്
ന്യൂഡൽഹി: സ്വവർഗവിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിൽ കേന്ദ്ര സർക്കാരിനു സുപ്രിംകോടതിയുടെ നോട്ടിസ്. ഫെബ്രുവരി 15നകം സത്യവാങ്മൂലം സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മുഴുവൻ ഹൈക്കോടതികളിലുമുള്ള ഹരജികൾ സുപ്രിംകോടതി നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി. സ്‌പെഷൽ മാര്യേജ് ആക്ടിൽ(എസ്.എം.എ) ഉൾപ്പെടുത്തി സ്വവർഗവിവാഹം നിയമവിധേയമാക്കണമെന്നാണ് ഹരജികളിൽ ആവശ്യപ്പെടുന്നത്. കേരളം, ഡൽഹി, ഗുജറാത്ത് ഹൈക്കോടതികളിലാണ് ഈ ആവശ്യത്തിൽ ഹരജികൾ നിലനിൽക്കുന്നത്. ഇതിലെല്ലാം ഇനി സുപ്രിംകോടതിയാകും വിധി പറയുക. ഹരജികൾ മാർച്ച് 13ന് കോടതി പരിഗണിക്കും.
ഹരജികളിൽ കേന്ദ്ര സർക്കാരിന്റെ നോഡൽ കൗൺസലറായി കനു അഗർവാളിനെ കോടതി നിയമിച്ചു. അരുന്ദതി കട്ജുവിനെ ഹരജിക്കാരുടെ ചുമതലയും ഏൽപിച്ചു. ഹരജിക്കാർക്കു വേണ്ടി ഹാജരാകുന്ന കൗൺസൽമാർ സോളിസിറ്റർ ജനറലിനെ കണ്ട് വാദങ്ങളുടെ കാര്യത്തിൽ വ്യക്തത വരുത്താനും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്.
Summary: The Supreme Court has agreed to take up petitions pending at different high courts, demanding legal recognition to same-sex marriages under the Special Marriage Act (SMA). The Union government has been asked to file an affidavit by February 15