മാധ്യമങ്ങളെ കാവി പൂശാനുള്ള സംഘ്പരിവാർ ശ്രമം അപലപനീയം; എ.എ റഹീം എം.പി
അധികാരത്തിൽ വന്ന അന്ന് മുതൽ പ്രസാർ ഭാരതിയെ സംഘ്പരിവാറിന്റെ മെഗാഫോണാക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്.
വാർത്താ മാധ്യമങ്ങളെ കാവി പൂശാനുള്ള സംഘ്പരിവാർ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് രാജ്യസഭാ എം.പി എ.എ റഹീം. പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസായി പ്രവർത്തിച്ചു പോന്നിരുന്ന പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ തദ്സ്ഥാനത്ത് നിന്നും മാറ്റി പകരം വിശ്വഹിന്ദു പരിഷത് സ്ഥാപകനായ ശിവ്റാം ശങ്കർ ആപ്തെ സ്ഥാപിച്ച ഹിന്ദുസ്ഥാൻ സമാചാർ ആണ് മോദി സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.
ലക്ഷണമൊത്ത സംഘ്പരിവാർ സ്ഥാപനമാണതെന്നും റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് എം.പിയുടെ പ്രതികരണം. അധികാരത്തിൽ വന്ന അന്ന് മുതൽ ദൂരർശനും ഓൾ ഇന്ത്യാ റേഡിയോയും നിയന്ത്രിക്കുന്ന പ്രസാർ ഭാരതിയെ സംഘ്പരിവാറിന്റെ മെഗാഫോണാക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. ആ ശ്രമത്തിന് പൂർണത വരുത്തുന്നതാണ് പുതിയ തീരുമാനം. ഒരുവശത്ത് പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളെ കോർപ്പറേറ്റുകൾ സ്വന്തമാക്കുന്നു. മറുവശത്ത് ഔദ്യോഗിക മാധ്യമങ്ങളെ സംഘ്പരിവാർ തന്നെ വരുതിയിലാക്കുന്നു.
പുറത്തുവന്ന വാർത്തകൾ പ്രകാരം ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഇനി ആർ.എസ്.എസിന് വേണ്ടി സംസാരിക്കാൻ പോകുന്നു എന്നു വേണം മനസിലാക്കാൻ. ന്യൂനപക്ഷങ്ങൾക്ക് എതിരായി, ശാസ്ത്ര ബോധത്തിന് വിരുദ്ധമായി, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ വന്നിരുന്ന വിഷലിപ്ത സന്ദേശങ്ങൾ ഇനി ദൂരദർശനിലും ഓൾ ഇന്ത്യാ റേഡിയോയിലും കേൾക്കേണ്ടി വരുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു- അദ്ദേഹം കുറിച്ചു.