മതപരിവർത്തനമെന്ന്; ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർഥന നടന്ന വീട്ടിൽ സംഘ്പരിവാർ ആക്രമണം; പാസ്റ്റർക്കും സ്ത്രീകൾക്കും കുട്ടികൾക്കും മർദനം
അക്രമികൾ ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുകയും കുരിശ് തൊഴിച്ചെറിയുകയും വീട്ടുപകരണങ്ങളും ലാപ്ടോപ്പടക്കമുള്ളവയും അടിച്ചുതകർക്കുകയും ചെയ്തു.
ഡെറാഡൂൺ: ക്രിസ്ത്യൻ പ്രാർഥന നടന്ന വീട്ടിൽ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജൂൺ 14നാണ് സംഭവം. മതപരിവർത്തനം ആരോപിച്ച് വീട്ടിൽ അതിക്രമിച്ചുകയറിയ സംഘ്പരിവാർ പ്രവർത്തകർ പാസ്റ്ററെയും സ്ത്രീകളെയും കുട്ടികളേയും മർദിച്ചു. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.
ആർഎസ്എസ് പ്രവർത്തകനും മുൻ സൈനികനുമായ ദേവേന്ദ്ര ദോഭാലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഘ്പരിവാർ അക്രമികൾ വീട്ടിലുണ്ടായിരുന്ന കുരിശ് തൊഴിച്ചെറിയുകയും വീട്ടുപകരണങ്ങളും ലാപ്ടോപ്പടക്കമുള്ളവയും അടിച്ചുതകർക്കുകയും ചെയ്തു. നിങ്ങളുടെ സിന്ദൂരവും മംഗൽസൂത്രയും എവിടെ എന്ന് ചോദിച്ചായിരുന്നു സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം. പാസ്റ്ററടക്കമുള്ളവരെ മർദിച്ച അക്രമിസംഘം കുട്ടികളുടെ തലയ്ക്കടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും മർദനമേറ്റവർ പറയുന്നു.
അക്രമികൾ ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുകയും ചെയ്തു. 'ക്രിസ്ത്യാനികൾ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിടുന്നു. അവർക്ക് അരി നൽകി പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു'- എന്നാണ് പുറത്തുവന്ന വീഡിയോയിൽ അക്രമികളുടെ ആരോപണം.
സംഘ്പരിവാർ അക്രമികൾ കുട്ടികളെ പോലും വെറുതെവിട്ടില്ലെന്ന് പാസ്റ്റർ രാജേഷ് ഭൂമി പറഞ്ഞു. 'അവർ കുട്ടികളോടും മോശമായി പെരുമാറി. തലയിൽ അടിച്ച ശേഷം എന്തിനാണ് പ്രാർഥനയ്ക്ക് വന്നതെന്ന് ചോദിച്ചു. ഇനി മേലിൽ ഞായറാഴ്ച പ്രാർഥനകളിൽ പങ്കെടുക്കരുതെന്ന് അവരെ ഭീഷണിപ്പെടുത്തി'- അദ്ദേഹം പറഞ്ഞു.
'അവർ ഞങ്ങളുടെ വാതിലിൽ വന്ന് ശക്തമായി തട്ടി തുറക്കാനാവശ്യപ്പെട്ടു. തുറന്ന് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ, ഒന്നും പറയാതെ അകത്തുകടന്ന് ഇവിടെ നിങ്ങൾ മതപരിവർത്തനം നടത്തുകയല്ലേ എന്ന് ചോദിച്ച് ആക്രോശിക്കുകയായിരുന്നു. എന്താണ് നിങ്ങളുടെ പ്രശ്നമെന്നും ഇരുന്ന് സംസാരിക്കാമെന്നും ഞങ്ങൾ പറഞ്ഞപ്പോൾ അവർ ചെവിക്കൊള്ളാൻ തയാറായില്ല. പകരം ഞങ്ങളോട് തട്ടിക്കയറുകയാണ് ചെയ്തത്. നിങ്ങളുടെ സമുദായത്തിലെ ആളുകൾ രക്തം കുടിക്കുമെന്നും സ്ത്രീകൾ സിന്ദൂരം ഇടാറില്ലെന്നും അവർ പറഞ്ഞു. എന്നാൽ, എൻ്റെ വ്യക്തിപരമായ ജീവിതത്തിൽ ഞാൻ ചെയ്യുന്നതെന്തൊക്കെയാണെന്ന് നിങ്ങളറിയേണ്ട കാര്യമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. പിന്നാലെ അവർ ഞങ്ങളുടെ വീട് തകർത്തു'- പാസ്റ്ററുടെ ഭാര്യ ദീക്ഷാ ഭൂമി പറഞ്ഞു.
'കുട്ടികളുടെ മുന്നിൽവച്ചാണ് ഹിന്ദുത്വ അക്രമി സംഘം ഞങ്ങളെ മർദിച്ചത്. അവർ ഞങ്ങളുടെ ലാപ്ടോപ് എടുത്ത് ഭിത്തിയിലെറിഞ്ഞ് തകർക്കുകയും കുട്ടികളെ സാക്ഷിയാക്കി സ്ത്രീകളെ പോലും മർദിക്കുകയും ചെയ്തു. ഒരു വയസായ പെൺകുഞ്ഞും ആറ് വയസായ ആൺകുട്ടിയുമാണ് എനിക്കുള്ളത്. വീട്ടുടമയുടെ വെറും രണ്ടും അഞ്ചും വയസുള്ള കുട്ടികളും അവിടെയുണ്ടായിരുന്നു'- ദീക്ഷ കൂട്ടിച്ചേർത്തു.
അതേസമയം, സ്ഥലത്തെവിടെയും മതപരിവർത്തനം നടക്കുന്നില്ലെന്നും നടന്നിട്ടില്ലെന്നും ഡെറാഡൂൺ സീനിയർ എസ്.പി അജയ് സിങ് പറഞ്ഞു. ആക്രമണത്തിൽ 11 പേർക്കെതിരെ പൊലീസ് കേസടുത്തിട്ടുണ്ട്. ദേവേന്ദ്ര ദോഭാൽ, ബിജേന്ദ്ര താപ, സധീർ താപ, സഞ്ജീവ് പോൾ, സുധിർ പോൾ, ധീരേന്ദ്ര ദോഭാൽ, അർമൻ ദോഭാൽ, ആര്യമൻ ദോഭാൽ, അനിൽ ഹിന്ദു, ഭൂപേഷ് ജോഷി, ബിജേന്ദ്ര സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇവർക്കെതിരെ ഭാരതീയ ന്യായ് സംഹിത 115(2) (മനഃപൂർവം പരിക്കേൽപ്പിക്കുക), 191 (2) (കലാപമുണ്ടാക്കൽ), 299 (മതവികാരം വ്രണപ്പെടുത്തുക), 324 (4) (സ്വത്തുവകകൾ നശിപ്പിക്കുക), 333 (അതിക്രമിച്ചുകടക്കുക), 351 (2) (ഭീഷണിപ്പെടുത്തൽ), 352 (മനഃപൂർവം അധിക്ഷേപിക്കുക) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഇവരെയാരും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.