മോദിയുടെ ക്ഷണം; സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക്
ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം സൗദി കിരീടാവകാശിയും സൗദി അറേബ്യൻ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുന്നു. നവംബർ പകുതിയിലാണ് അദ്ദേഹം ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലേക്കുള്ള യാത്രാമധ്യേയാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലിറങ്ങുക. നവംബർ 14ന് പുലർച്ചെയായിരിക്കും സൗദി കിരീടാവകാശി ഇന്ത്യയിലെത്തുക.
ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം. തുടർന്ന് അന്നു രാത്രി തന്നെ ഇന്തോനേഷ്യയിലേക്ക് പോകും. മോദിയും ഈ ഉച്ചകോടിയിൽ പങ്കെടുക്കും. സെപ്തംബറിൽ വിദേശകാര്യമന്ത്രി വഴിയാണ് മോദി സൗദി കിരീടാവകാശിക്ക് ക്ഷണക്കത്ത് അയച്ചത്.
നേരത്തെ, എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് തീരുമാനമെടുത്തതിനു പിന്നാലെ, സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ഈ ആഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു.
വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ഓയിൽ വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി, വൈദ്യുതി മന്ത്രി ആർ.കെ സിങ് എന്നിവരുൾപ്പെടെയുള്ള മന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തി. ഓൺലൈൻ വഴി ചൈനീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ഒരേ സമയം ചർച്ച നടത്തിയിരുന്നു.