പ്രതിദിനം അയ്യായിരം കിലോ പ്ലാസ്റ്റിക് കുറക്കാം; പുതിയ ഫീച്ചറുമായി സൊമാറ്റൊ
90 ശതമാനം ഉപഭോക്താക്കളും ഭക്ഷണത്തോടൊപ്പം പാര്‍സലായി വരുന്ന പ്ലാസ്റ്റിക് ഉപകരണങ്ങള്‍ ഉപയോഗിക്കാത്തവരെന്ന് സൊമാറ്റൊ.
ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കാതെ ബാക്കിയാകുന്ന പ്ലാസ്റ്റിക് ഉപകരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സൊമാറ്റൊ. പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടിയെന്ന് സൊമാറ്റൊ പറഞ്ഞു. ഭക്ഷണത്തിനൊപ്പം നല്‍കുന്ന പ്ലാസ്റ്റിക് സ്പൂണ്‍, സ്‌ട്രോ, ടിഷ്യു വകകള്‍ ഇല്ലാതാക്കുന്നതോടെ അയ്യായിരം കിലോ വരെ പ്ലാസ്റ്റിക് ഉപഭോഗം ഒരു ദിവസം കൊണ്ട് കുറക്കാമെന്ന് സൊമാറ്റൊ മേധാവി ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.
This small change can help save up to 5,000 kilos of plastic in a day. If you can, please say no to cutlery and do your bit. Read more here –https://t.co/shxCvs7pHE
— Deepinder Goyal (@deepigoyal) August 30, 2021
ഉപഭോക്താക്കളില്‍ 90 ശതമാനം പേരും ഭക്ഷണത്തോടൊപ്പം പാര്‍സലായി വരുന്ന പ്ലാസ്റ്റിക് ഉപകരണങ്ങള്‍ ഉപയോഗിക്കാതെ തന്നെ ഭക്ഷണം കഴിക്കുന്നവരാണ്. ആയിരത്തോളം വരുന്ന ഉപഭോക്താക്കളില്‍ നടത്തിയ സര്‍വേയില്‍ ഇത് വ്യക്തമായതായും സൊമാറ്റോ പറഞ്ഞു.
നിലവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍, ഡിഫോള്‍ട്ടായി ഇത് ലഭ്യമാകുന്ന സ്ഥിതിയാണുള്ളത്. ആവശ്യമില്ലാത്തവര്‍ക്ക് ഇത് സ്‌കിപ് ചെയ്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഇനി മുതല്‍ പ്ലാസ്റ്റിക് സ്പൂണ്‍, ഫോര്‍ക്, സ്‌ട്രോ ഇത്യാദി ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ അത് പ്രത്യേകം ആവശ്യപ്പെട്ട് ലഭ്യമാക്കേണ്ട ഓപ്ഷന്‍ കൊണ്ടുവരും. പ്രകൃതി സംരക്ഷണത്തിനു വേണ്ട ചെറിയ കാല്‍വെപ്പാണിതെന്ന് പറഞ്ഞ സൊമാറ്റോ തലവന്‍ ദീപേന്ദര്‍ ഗോയല്‍, എല്ലാവരും ഇതിന് കഴിയും വിധം സഹകരിക്കണമെന്നും ട്വിറ്ററില്‍ പറഞ്ഞു.
പരിസ്ഥിതി സൗഹാര്‍ദം എന്നതിനും അപ്പുറം, പ്ലാസ്റ്റിക് ഉപകരണങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുന്നതോടെ റെസ്‌റ്റോറന്‍റുകള്‍ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ ബാധ്യത ഒഴിവാക്കാന്‍ ഇത് സഹായകമാകുമെന്നും ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.