നരസിംഹാനന്ദിന്റെ നേതൃത്വത്തിലുള്ള ധർമ സൻസദില്‍ ഇടപെടാതെ സുപ്രിംകോടതി; ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചു

മുസ്‌ലിംകൾക്കെതിരായ വംശഹത്യാ ആഹ്വാനത്തിന്റെ പേരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച 2021ലെ ഹരിദ്വാർ ഹിന്ദു സൻസദിന്റെ മുഖ്യസംഘാടകനാണ് നരസിംഹാനന്ദ്

Update: 2024-12-19 17:16 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: വിവാദ ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ നടക്കുന്ന ധർമസൻസദിൽ ഇടപെടാതെ സുപ്രിംകോടതി. മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയ ഹരജിക്കാരോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. അതേസമയം, വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാൻ യുപി ഭരണകൂടത്തോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിന്റെയും വംശഹത്യാ ആഹ്വാനത്തിന്റെയും പേരിൽ ഏറെ കോളിളക്കം സൃഷ്ടിച്ച 2021ലെ ഹരിദ്വാർ ഹിന്ദു സൻസദിന്റെ മുഖ്യസംഘാടകനാണ് നരസിംഹാനന്ദ്. ഡിസംബർ 17ന് യുപിയിലെ ഗാസിയാബാദിലാണ് ഇദ്ദേഹത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദു മഹാസമ്മേളനം ആരംഭിച്ചത്. 21 വരെ സമ്മേളനം തുടരും. വിദ്വേഷ പ്രസംഗങ്ങൾ കൊണ്ട് വിവാദം സൃഷ്ടിച്ച ഇത്തരം പരിപാടികൾ സമൂഹത്തിൽ അനൈക്യവും സംഘർഷവും സൃഷ്ടിക്കുമെന്ന് ആരോപിച്ച് ഒരുസംഘം മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

റിട്ട. ഐഎഎസ്-ഐഎഫ്എസ് ഉദ്യോഗസ്ഥരായ അരുണാ റോയ്, അശോക് കുമാർ ശർമ, ദേബ് മുഖർജി, നവരേഖ ശർമ, ആസൂത്രണ കമ്മിഷൻ മുൻ അംഗവും ദേശീയ വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ സയ്യിദ ഹമീദ്, സാമൂഹിക പ്രവർത്തകനും ഗവേഷകനുമായ വിജയൻ എം.ജെ എന്നിവരാണ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേനെ കോടതിയിൽ ഹരജി സമർപ്പിച്ചത്. മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങൾ ഉൾപ്പെടെ പരിപാടിയുടെ പോസ്റ്ററുകൡ പരസ്യമായി പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഗാസിയാബാദ് ജില്ലാ ഭരണകൂടവും പൊലീസും വീഴ്ച വരുത്തിയെന്നും ഹരജിയിൽ വാദിച്ചു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അംഗങ്ങളായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുൻപും വിദ്വേഷ പ്രസംഗ കേസുകളിൽ കോടതി ഇതേ നിലപാടാണു സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം, ധർമ സൻസദിലെ നടപടിക്രമങ്ങളും പരിപാടികളുമെല്ലാം പൂർണമായി റെക്കോർഡ് ചെയ്യാൻ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോട് നിർദേശിച്ചു. ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കാത്തതു നിയമലംഘനങ്ങൾക്കുള്ള അനുവാദമല്ലെന്നും വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളെല്ലാം നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

2021 ഡിസംബറിലാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വിവാദമായ ധർമസൻസദ് ഹിന്ദു മഹാസമ്മേളനം നടന്നത്. മൂന്നു ദിവസം നീണ്ടുനിന്ന പരിപാടിയിൽ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാൻ ഹിന്ദുത്വ നേതാക്കൾ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ദാശ്ന ദേവി ക്ഷേത്രത്തിലെ മുഖ്യ പൂജാരി കൂടിയായ നരസിംഹാനന്ദ് ആയിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകൻ. ധർമസൻസദിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിലൂടെയാണ് ഇദ്ദേഹം വാർത്തകളിൽ നിറയുന്നത്. സമ്മേളനത്തിനെതിരെ ഏറെ വിമർശനം ഉയർന്നതിനു പിന്നാലെ സുപ്രിംകോടതി ഇടപെടുകയും നരസിംഹാനന്ദ് അറസ്റ്റിലാകുകയും ചെയ്തു.

അധികം വൈകാതെ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ ഇതിനുശേഷവും മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗം തുടർന്നു. മഹാത്മാ ഗാന്ധി അടക്കമുള്ള രാഷ്ട്രനേതാക്കളെ അധിക്ഷേപിച്ചും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Summary: Supreme Court refuses to entertain plea against Dharam Sansad organised by Yati Narsinghanand in UP'S Ghaziabad,

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News