ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; ഏഴുപേർക്ക് പരിക്ക്
ബെംഗളൂരുവിൽനിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ


കട്ടക്ക്: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി ഏഴുപേർക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിർഗുണ്ടിയിൽ പാളം തെറ്റിയത്. ഞായറാഴ്ച രാവിലെ 11.54ഓടെയാണ് സംഭവം.
പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയർ സർവീസ് ഡയറക്ടർ ജനറൽ സുദൻസു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിആർഎഫും ഒഡീഷ ഫയർ സർവീസ് സംഘവും അപകട സ്ഥലത്തുണ്ട്.
ബെംഗളൂരുവിൽനിന്ന് അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ദുരിതാശ്വാസ ട്രെയിൻ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻഷ് ഓഫീസർ അശോക് കുമാർ മിശ്ര അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മറ്റു ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ട്രെയിൻ ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ദൗലി എക്സ്പ്രസ്, നീലാച്ചൽ എക്സ്പ്രസ്, പുരുലിയ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്.