'വീട്ടിലൊരു ശൗചാലയമുണ്ടായിരുന്നെങ്കിൽ അവളിന്നും ജീവിച്ചിരിക്കുമായിരുന്നു'; നോവായി ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിയുടെ വാക്കുകൾ

ഫരീദാബാദിൽ വീടിന് സമീപത്തെ റെയിൽവെട്രാക്കിലാണ് 12 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

Update: 2022-08-14 11:32 GMT
Editor : Lissy P | By : Web Desk
Advertising

ഫരീദാബാദ്: പതിവു പോലെ വീട്ടിനടുത്തെ റെയിൽവെ ട്രാക്കിനടുത്തെ കുറ്റിക്കാട്ടിൽ പ്രാഥമിക കർമ്മങ്ങള്‍ക്കായി പോയ 12 വയസുള്ള സഹോദരിയെ കാത്ത് ആ 17 കാരി കാത്തുനിന്നു. എന്നാൽ സമയമേറെ കഴിഞ്ഞിട്ടും അവൾ വന്നില്ല. ഒരുപാട് നേരത്തെ തെരച്ചിലിനൊടുവിൽ അവളുടെ കുഞ്ഞുസഹോദരിയുടെ ചേതനയൊറ്റ ശരീരം റെയിൽവെ ട്രാക്കിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഫരീദാബാദിലാണ് സംഭവം. 

കുറ്റിക്കാട്ടിനു സമീപം കാത്തുനിന്നഒരുകൂട്ടം അക്രമികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.   സമീപത്ത് ആരും ഇല്ലാത്തതിനാൽ പെൺകുട്ടി സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ബലപ്രയോഗത്തിലൂടെ അക്രമികൾ പെൺകുട്ടിയെ തടഞ്ഞുനിർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്.

എന്റെ വീട്ടിൽ ഒരു ശൗചലായമുണ്ടായിരുന്നെങ്കിൽ ഇന്നും അവൾ ജീവിച്ചിരിക്കുമായിരുന്നെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരി പറയുന്നു. അമ്മക്കും രണ്ട് സഹോദരങ്ങളോടൊപ്പം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കോളനിയിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ. ഒറ്റമുറിയുള്ള വീടുകളാണ്. എന്നാൽ ഇവിടെ ഭൂരിഭാഗം വാടകക്കാർക്കും ശൗചാലയമില്ല. പകരം സമീപത്തെ പൊതു ശൗചാലയമാണ് ഇവർ ഉപയോഗിക്കുന്നത്. അത് കുറച്ച് ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്. തുടർന്നാണ് പെൺകുട്ടിയും മറ്റ് കുടുംബങ്ങളും കുറ്റിക്കാട്ടിൽ പ്രാഥമികാവശ്യങ്ങൾക്കായി ആശ്രയിക്കാന്‍ തുടങ്ങിയത്.   സംഭവം നടക്കുന്ന ദിവസം അമ്മയും ചെറിയ സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. മൂത്ത സഹോദരിയും പെൺകുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഒമ്പതുമണിയോടെ അത്താഴം കഴിച്ച ശേഷമാണ് പെൺകുട്ടി റെയിൽവെ ട്രാക്കിനടുത്തേക്ക് പോകുന്നത്. മൂത്ത സഹോദരിയും പെൺകുട്ടിയെ അനുഗമിച്ചിരുന്നു.

'കോളനിയിലെ പെൺകുട്ടികൾ സാധാരണയായി രാവിലെ മലമൂത്രവിസർജ്ജനത്തിനായി റെയില്‍വെ ട്രാക്കിലേക്ക് പോകാറില്ല, അത് പുരുഷന്മാരുടെ സമയമാണ്. നേരം ഇരുട്ടിക്കഴിഞ്ഞാലാണ് പെൺകുട്ടികൾ പോകുന്നത്. സഹോദരിയെ കാത്ത് ഞാൻ അരമണിക്കൂറോളം റെയിൽവെ ട്രാക്കിന്റെ അപ്പുറത്ത് നിന്നു. സമയം കഴിഞ്ഞിട്ടും കാണാതായപ്പോഴാണ് ഞാൻ അലറി വിളിച്ചത്. സഹോദരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'എന്റെ വാടക വീട്ടിൽ ഒരു ശൗചാലയമുണ്ട്. പക്ഷേ ഭൂവുടമ അത് പൂട്ടിയിരിക്കുകയാണ്. ശൗചലായം നിറയുമെന്ന് പേടിച്ചാണ് അവർ അത് പൂട്ടിയിടുന്നത്. ഇതുകാരണം നൂറുക്കണക്കിന് ആളുകൾ ആശ്രയിക്കുന്നത് പൊതു ശൗചലായത്തെയാണ്. ഇവിടെയാകട്ടെ ആകെ ഒരു ശൗചാലയം മാത്രമാണുള്ളത്. സഹോദരി കൂട്ടിച്ചേർത്തു.

ട്രാക്കുകളിൽ മലമൂത്രവിസർജ്ജനം നടത്തുന്നത് സുരക്ഷിതമല്ലെന്നറിയാം. പക്ഷേ ഞങ്ങളെപ്പോലുള്ളവർക്ക് എന്താണ് വഴി? അവൾ ചോദിക്കുന്നു. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News