ഷിന്‍ഡെ 'രാജ്യദ്രോഹി'യെന്ന് പരാമർശം; സ്റ്റാന്‍ഡപ് കൊമേഡിയൻ കുനാല്‍ കമ്രക്കെതിരെ വ്യാപക പ്രതിഷേധം
കമ്രയുടെ സ്റ്റാന്‍ഡ്പ് അപ്പ് കോമഡി ചിത്രീകരിച്ച മുംബൈയിലെ ഹോട്ടലിന്റെ ഓഫീസ് ശിവസേന പ്രവർത്തകർ അടിച്ച് തകർത്തു


മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പറ്റി പരാമർശം നടത്തിയ സ്റ്റാന്‍ഡപ് കൊമീഡിയൻ കുനാല്‍ കമ്രക്കെതിരെ വ്യാപക പ്രതിഷേധം. കോമഡി പരിപാടിയിൽ ഷിൻഡെയെ 'രാജ്യദ്രോഹി'യെന്ന് വിളിച്ചതാണ് ശിവസേന പ്രവർത്തകരെ ചൊടിപ്പിച്ചത്. കമ്രയ്‌ക്കെതിരെ ഭീഷണിയുമായി മുതിര്‍ന്ന ശിവസേന നേതാക്കള്‍ രംഗത്തെത്തി. കമ്രയുടെ സ്റ്റാന്‍ഡ്പ് അപ്പ് കോമഡി ചിത്രീകരിച്ച മുംബൈയിലെ ഹോട്ടലിന്റെ ഓഫിസ് പ്രവർത്തകർ അടിച്ച് തകർത്തു.
കുനാല്‍ കമ്ര നടത്തിയ നടത്തിയ 'നയാ ഭാരത്' എന്ന പരിപാടിക്കിടെയായിരുന്നു ഷിന്‍ഡെയെക്കുറിച്ചുള്ള പരാമർശം. മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ ‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയാണ് കുനാൽ ഷിന്‍ഡെയുടെ പേര് പറയാതെ പരാമർശം നടത്തിയത്. ഷിൻഡെയുടെ രൂപം, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള ബന്ധം തുടങ്ങിയവയെയും കുനാൽ പരിഹസിച്ചിരുന്നു. പിന്നലെയാണ് ശിവസേന പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
ശിവസേന പ്രവര്‍ത്തകര്‍ മുംബൈയില്‍ കമ്രയുടെ കോലം കത്തിച്ചു. ശിവസേന എംഎല്‍എ മുരാജി പട്ടേലിന്റെ പാരതിയിൽ കമ്രക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഷിൻഡെയുടെ പ്രശസ്തിയും പ്രതിച്ഛായയും സല്‍പ്പേരും കളങ്കപ്പെടുത്താന്‍ ആസൂത്രിത പ്രചാരണം നടത്തിയെന്ന് മറ്റു ശിവസേന നേതാക്കളും പരാതി നൽകിയിട്ടുണ്ട്. കുനാൽ രാജ്യം വിടേണ്ടി വരുമെന്നും, ശിവ സേന പ്രവർത്തകർ കുനാലിന്റെ പിന്നാലെയുണ്ടെന്നും മുതിർന്ന ശിവസേന നേതാക്കൾ ഭീഷണി മുഴക്കി. കുനാല്‍ കമ്ര മാപ്പ് പറയണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.
അതിനിടെ കുനാലിന്റെ പരിപാടി നടന്ന മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ പ്രതിഷേധങ്ങളെ തുടർന്ന് താത്കാലികമായി അടച്ച് പൂട്ടി.