കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം; ബാൽതാക്കറെ സ്മാരകത്തില്‍ ഗോമൂത്രവും പാലും തളിച്ച് ശിവസേനയുടെ ശുദ്ധികലശം

ശിവസേന മുൻ നേതാവ് കൂടിയായ കേന്ദ്രമന്ത്രി നാരായൺ റാണെയാണ് മുംബൈ ശിവാജി പാർക്കിലുള്ള ബാൽതാക്കറെയുടെ സ്മാരക സ്തൂപത്തിലെത്തിയത്

Update: 2021-08-19 16:25 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈയിലെ ബാൽതാക്കറെ സ്മാരക സ്തൂപത്തിൽ ശിവസേന മുൻ നേതാവ് കൂടിയായ കേന്ദ്രമന്ത്രി നാരായൺ റാണെ നടത്തിയ സന്ദർശനത്തിനു പിറകെ സ്ഥലം ശുദ്ധീകരിച്ച് ശിവസേന പ്രവർത്തകർ. ഗോമൂത്രം തളിച്ചും പാലഭിഷേകം നടത്തിയുമാണ് പ്രവർത്തകർ സ്തൂപത്തിൽ ശുദ്ധികലശം നടത്തിയത്.

മുംബൈ ശിവാജി പാർക്കിലുള്ള ബാൽതാക്കറെയുടെ സ്മാരക സ്തൂപത്തിലാണ് ഇന്ന് റാണെയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കളെത്തിയത്. മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നടത്തുന്ന ജൻ ആശിർവാദ് യാത്രയുടെ ഭാഗമായായിരുന്നു സന്ദര്‍ശനം. സ്തൂപത്തിൽ നേതാക്കൾ ആദരാഞ്ജലി അർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു.

2005ൽ ശിവസേന വിട്ട ശേഷം ഇതാദ്യമായാണ് നാരായൺ റാണെ താക്കറെ സ്തൂപത്തിലെത്തുന്നത്. 1999ൽ ശിവസേനയിലിരിക്കെ  മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2019ലാണ് ബിജെപിയിലേക്ക് കൂടുമാറുന്നത്. അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടംലഭിക്കുകയും ചെയ്തു.

തന്റെ മന്ത്രാലയത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമെന്ന് ശിവാജി പാർക്കിൽ റാണെ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഎംസി തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുകയും 32 വർഷത്തോളമായി ചെയ്തുവരുന്ന കുറ്റങ്ങൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, നാരായൺ റാണെയുടെ സന്ദർശനത്തിൽ എതിർപ്പുമായി ശിവസേന നേതാക്കൾ രംഗത്തെത്തി. താക്കറെയെ വഞ്ചിച്ച റാണെയ്ക്ക് അദ്ദേഹത്തിന്റെ സ്മാരകം സന്ദർശിക്കാനുള്ള അവകാശമില്ലെന്നായിരുന്നു ശിവസേന നേതാക്കളുടെ വിമർശനം. റാണെയുടെ സന്ദർശനത്തിനു പിറകെ പ്രവർത്തകർ സ്തൂപത്തിലെത്തി ഗോമൂത്രം തളിച്ചും പാലഭിഷേകം നടത്തിയും ശുദ്ധീകരിക്കുകയായിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News