സ്മൃതി ഇറാനിയെ 'കാണാനില്ലെന്ന്' കോൺഗ്രസ്; മറുപടിയുമായി മന്ത്രി
സമരത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയാതെ ഓടിപ്പോകുന്ന കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു
ന്യൂഡൽഹി: ബ്രിജ്ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ സമരം കൂടുതൽ ശക്തമാകുകയാണ്. അന്താരാഷ്ട്ര കായിക സംഘടകൾ താരങ്ങൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നാളിതുവരെയായിട്ടും സംഭവത്തിൽ പ്രതികരിക്കാൻ കേന്ദ്ര വനിതാശിശുവികസന മന്ത്രി സ്മൃതി ഇറാനി തയ്യാറായിട്ടില്ല. ഇതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. സ്മൃതി ഇറാനിയുടെ നടപടിയെ പരിഹസിച്ച് കോൺഗ്രസും രംഗത്തെത്തി.
സ്മൃതി ഇറാനിയെ കാണാനില്ല എന്ന പോസ്റ്റർ കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചു. ഇതിന് പുറമെ 'ബേട്ടി ബച്ചാവോ' എന്ന അടിക്കുറിപ്പോടെ മന്ത്രിമാരായ സ്മൃതി ഇറാനി,മീനാക്ഷി ലേഖി എന്നിവരുടെ ചിത്രങ്ങളും കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയാതെ ഓടിപ്പോകുന്ന കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പ്രതിപക്ഷ പാർട്ടികളും ഈ വീഡിയോ പങ്കുവെച്ചിരുന്നു.
അതേസമയം, കോൺഗ്രസിന്റെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. 'സിർസിര ഗ്രാമം,വിദാൻ സൗധ സലൂൺ,ദുരൻപു തുടങ്ങിയ സ്ഥലങ്ങൾപിന്നിടുന്നൊള്ളു. താൻ അമേത്തിയിലാണെന്നും പ്രദേശത്തെ മുൻ എംപിയെ അന്വേഷിക്കുന്ന ആർക്കും യുഎസുമായി ബന്ധപ്പെടാമെന്നായിരുന്നു സ്മൃതിയുടെ ട്വീറ്റ്. കോൺഗ്രസിന്റെ കാൺമാനില്ല പോസ്റ്റർ റീ ട്വീറ്റ് ചെയ്തായിരുന്നു സ്മൃതിയുടെ നടപടി.
അതേസമയം, ഗുസ്തി താരങ്ങളുടെ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും.മുസാഫർനഗറിലെ സോറം ഗ്രാമത്തിലാണ് മഹാ പഞ്ചായത്ത് ചേരുക.ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച ഇന്ന് ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും.
ബ്രിജ്ഭൂഷണെതിരായ താരങ്ങളുടെ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ ആണ് കര്‍ഷക സംഘടനകളുടെ തീരുമാനം .അഞ്ചു ദിവസമാണ് ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ സമയം അനുവദിച്ചിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികൾ ഇന്ന് മുസഫർ നഗറിൽ ചേരുന്ന ഖാപ് മഹാപഞ്ചായത്തിൽ തീരുമാനിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും കർഷകസംഘടനകളും ഇന്നത്തെ ഖാപ് മഹാപഞ്ചായത്തിൽ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉൾപ്പടെയുള്ള സമരപ്രഖ്യാപനങ്ങൾ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചർച്ച ചെയ്യും.
ടിക്രി, സിംഘു, ഗാസിയാബാദ് അതിർത്തികൾ ഉപരോധിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും. അതേസമയം, ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കിസാൻ മോർച്ച ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും. എന്നാൽ താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനകൾ കൂടി രംഗത്തെത്തിയതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലാണ്.ലോക്സഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്താൽ ഉത്തർപ്രദേശിൽ പാർട്ടി തിരിച്ചടി നേരിട്ടെക്കാം എന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.