മാതാവിന്റെ ഓർമക്കായി 'താജ്മഹൽ' നിർമിച്ച് മകൻ; ചെലവ് അഞ്ച് കോടി
തമിഴ്‌നാട് തിരുവാരൂർ സ്വദേശി അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് ആണ് അഞ്ച് കോടി രൂപ ചെലവഴിച്ച് മാതാവിന് സ്മാരകം നിർമിച്ചത്.
ചെന്നൈ: മാതാവിനോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി താജ്മഹൽ നിർമിച്ച് മകൻ. തമിഴ്‌നാട് തിരുവാരൂർ സ്വദേശി അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് ആണ് അഞ്ച് കോടി രൂപ ചെലവഴിച്ച് താജ്മഹൽ നിർമിച്ചത്. പിതാവിന്റെ മരണശേഷം നാല് സഹോദരിമാരെയും തന്നെയും വളർത്താൻ അമ്മ ജയ്‌ലാനി ബീവി സഹിച്ച കഷ്ടപ്പാടുകൾക്ക് എന്നും നിലനിൽക്കുന്ന സ്മാരകം പണിയണമെന്ന ആഗ്രഹമാണ് താജ്മഹലിന്റെ മാതൃകയിൽ സ്മാരകം പണിയാൻ അമറുദ്ദീനെ പ്രേരിപ്പിച്ചത്.
തിരുവാരൂരിനടുത്ത് അമ്മൈയപ്പൻ സ്വദേശികളായ അബ്ദുൽ ഖാദർ-ജെയ്‌ലാനി ബീവി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയയാളാണ് അമറുദ്ദീൻ. കുട്ടികൾക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പ് പിതാവ് മരിച്ചു. കഠിന ത്യാഗങ്ങൾ സഹിച്ചാണ് ജെയ്‌ലാനി ബീവി മക്കളുടെ വിദ്യാഭ്യാസവും വിവാഹവും അടക്കമുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റിയത്.
2020-ൽ ജയ്‌ലാനി ബീവി മരിച്ചതോടെയാണ് ഉമ്മക്ക് ഉചിതമായ സ്മാരകം പണിയാൻ അമറുദ്ദീൻ തീരുമാനിച്ചത്. ജയ്‌ലാനി ബീവിയുടെ ജന്മദേശമായ അമ്മൈയപ്പനിലാണ് താജ്മഹലിന്റെ മാതൃകയിലുള്ള കെട്ടിടം നിർമിച്ചത്. രാജസ്ഥാനിൽനിന്ന് എത്തിച്ച മാർബിൾ ഉപയോഗിച്ചാണ് സ്മാരകം നിർമിച്ചത്.
കഴിഞ്ഞ മാസം രണ്ടിന് ഉദ്ഘാടനം ചെയ്ത സ്മാരകം സന്ദർശിക്കാൻ ദിവസും നിരവധിപേരാണ് എത്തുന്നത്. മാതാവിന്റെ മരണം അമാവാസി ദിനത്തിലായതിനാൽ എല്ലാ അമാവാസി ദിനങ്ങളിലും 1000 പേർക്ക് വീതം ബിരിയാണി വിതരണവും നടത്തുന്നുണ്ട്.