സൊണാലിയെ എം.ഡി.എം.എ കലർത്തിയ പാനീയം കുടിപ്പിച്ചു; പ്രതിയുടെ വെളിപ്പെടുത്തൽ
സാമ്പത്തിക കാരണങ്ങളാവാം 42കാരിയായ സൊണാലിയുടെ കൊലയ്ക്കു കാരണമെന്ന് കരുതുന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് സൊണാലി ഫോഗട്ടിനെ പ്രതികൾ മാരക മയക്കുമരുന്നായ എംഡിഎംഎ കലർത്തിയ പാനീയം കുടിപ്പിച്ചതായി പൊലീസ്. ചോദ്യം ചെയ്യലിൽ പ്രതികൾ തന്നെയാണ് ഇക്കാര്യം സമ്മതിച്ചതെന്നും ഗോവ പൊലീസ് പറഞ്ഞു.
1.5 ഗ്രാം എം.ഡി.എം.എയാണ് റസ്റ്റോറന്റിലെ പാർട്ടി തുടങ്ങുംമുമ്പ് സൊണാലിക്ക് കുടിക്കാനുള്ള പാനീയത്തിൽ കലർത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. ഈ പാനീയം പിന്നീട് സൊണാലി കുടിക്കുകയായിരുന്നെന്നും അവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
പ്രതികളിൽ ഒരാളും സൊണാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റുമായ സുധീർ സങ്‌വാന്‍ അവർക്ക് ദോഷകരമായ ഒരു രാസപദാർഥം കലർത്തിയ വെള്ളംകുടിക്കാൻ കൊടുത്തെന്നും ഇതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇതു സംബന്ധിച്ച് പൊലീസ് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.
സാമ്പത്തിക കാരണങ്ങളാവാം 42കാരിയായ സൊണാലിയുടെ കൊലയ്ക്കു കാരണമെന്ന് കരുതുന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത ഒഴിവാക്കാനാണ് ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
മരണത്തിന് തൊട്ടുമുമ്പ് നടക്കാനാവാതെ സൊണാലി വടക്കൻ ഗോവയിലെ അഞ്ജുന ബീച്ചിലെ കർലീസ് റസ്റ്റോറന്റിൽ നിന്നിറങ്ങുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ ഒരാളായ സുധീർ സാങ്‌വാനൊപ്പമാണ് സൊണാലി പോവുന്നത്.
ലഹരി പദാർഥം കലർത്തിയ വെള്ളംകുടിക്കാൻ കൊടുത്ത പ്രതികൾ അവശയായ സൊണാലിയെ മൂവരും താമസിച്ചിരുന്ന ഗ്രാൻഡ് ലിയോനി ഹോട്ടലിലേക്കാണ് കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു. പ്രതികളിൽ രണ്ടാമനായ സുഖ്‌വീന്ദര്‍ സിങ്ങും ഇവർക്കൊപ്പമുണ്ടായിരുന്നു. ലഹരി പദാർഥം കലക്കിയ വെള്ളം കൊടുക്കുന്ന ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് പുറത്തുവിട്ടിട്ടില്ല.
പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ സെന്റ് ആന്റണീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മരണം കൊലപാതകമാണെന്ന സംശയവുമായി സഹോദരൻ റിങ്കു ധാക്ക അഞ്ജുന പൊലീസിൽ പരാതി നൽകി.
തുടർന്ന് കുടുംബത്തിന്റെ അനുമതിയോടെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പോസ്റ്റ്മോർട്ടത്തിലൂടെ ലഭിച്ചു. ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ സൊണാലിയുടെ സഹായിക്കും സുഹൃത്തിനുമെതിരെ ഗോവ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
അതേസമയം, ആന്തരാവയവങ്ങളുടെ രാസപരിശോധനയ്ക്കും മറ്റ് പരിശോധനകൾക്കും ശേഷമേ മരണകാരണം കണ്ടെത്താനാകൂ എന്നും അതിന് കുറച്ച് സമയമെടുക്കുമെന്നും പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ ആവശ്യപ്രകാരം ഗോവയ്ക്ക് പുറമെ ചണ്ഡീഗഡിലെ ലാബിലും ആന്തരാവയവങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.