യുപിയിൽ ബി.ജെ.പിയെ മറിച്ചിട്ട് എസ്.പി, ഉത്തരാഖണ്ഡിൽ കോൺഗ്രസ്; വ്യത്യസ്തമായ ഫലപ്രവചനം നടത്തി ആത്മസാക്ഷി സർവേ
ഫീൽഡ് സർവേ പ്രകാരം ലഭിച്ച സാമ്പിളുകൾ അടിസ്ഥാനമാക്കിയാണ് സർവേ ഫലം പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ആത്മസാക്ഷി ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. യു.പിയിൽ ബി.ജെ.പി അധികാരം നിലനിർത്തുമെന്നും പഞ്ചാബിൽ കോൺഗ്രസിനെ മറിച്ചിട്ട് ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നും എക്സിറ്റ്പോൾ ഫലങ്ങൾ പറയുന്നു. ഉത്തരാഖണ്ഡിലും ഗോവയിലും ബി.ജെ.പി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് വിവിധ എക്സിറ്റ്പോളുകൾ പ്രവചിക്കുന്നത്.
എന്നാൽ മതേതര മുന്നണിക്ക് ആശ്വാസം നൽകുന്ന സർവ്വേ ഫലം പുറത്തുവിട്ടിരിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ആത്മസാക്ഷി ഗ്രൂപ്പ് . ഇവരുടെ പ്രവചന പ്രകാരം ഉത്തർപ്രദേശിൽ 235 മുതൽ 240 വരെ സീറ്റുകൾ നേടി സമാജ്വാദി പാർട്ടി അധികാരത്തിലേറും. ബിജെപിയുടെ സീറ്റ് 312ൽ നിന്ന് 138 മുതൽ 140 ആയി കുറയും. ബിഎസ്.പി ക്ക് 19 മുതൽ 23 സീറ്റുകളും കോൺഗ്രസിന് 12 മുത്ൽ 16 സീറ്റുകളും മറ്റുള്ളവർ 1 മുതൽ 2 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഫീൽഡ് സർവേ പ്രകാരം ലഭിച്ച സാമ്പിളുകൾ അടിസ്ഥാനമാക്കിയാണ് സർവ്വേ ഫലം പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ആത്മസാക്ഷി ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. 316,000 സാമ്പിളുകളാണ് ശേഖരിച്ചതെന്ന് ഗ്രൂപ്പ് അറിയിച്ചു.
യുപിയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ ഫലവും ഗ്രൂപ്പ് പ്രവചിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന് മുൻതൂക്കം നൽകിയാണ് പ്രവചനം. പഞ്ചാബിൽ 74200 സാമ്പിളുകള്‍ വിശകലനം ചെയ്തതിൽ ഐ.എൻ.സി 58-61, എ.എ.പി 34-38 ശിരോമണി അകാലി ദൾ 18-21, ബി.ജെ.പി 4-5 എന്നിങ്ങനെയാണ് സീറ്റ് നില. ഉത്തരാഖണ്ഡിൽ 49800 സാമ്പിളുകളാണ് ശേഖരിച്ചത്. ഐ. എൻ.സി 43-47, ബിജെപി 20-21, എ.എ.പി 2-3 എന്നിങ്ങനെയാണ് സർവേ ഫലം. ഗോവയിൽ 22100 സാമ്പിളുകളിൽ ഐ.എൻ.സി 21-22, ബിജെപി 9-10, എ.എ.പി 2-3 എന്നിങ്ങനെയാണ് സീറ്റു നില.