ദീപാവലി അവധി; ട്രെയിനില്‍കേറാന്‍ നെട്ടോട്ടം, ബാന്ദ്രയില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്
പ്ലാറ്റ്‌ഫോമില്‍ താഴെവീണവർക്ക് മുകളിലൂടെ ആളുകൾ ചവിട്ടിക്കയറുന്നതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു
മുംബൈ: മുംബൈയിലെ ബാന്ദ്ര റെയിൽവേസ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ബാന്ദ്ര- ഖൊരക്പൂർ എ്്‌സ്പ്രസിൽ കയറാനായി വൻ ജനത്തിരക്കാണ് റെയിൽവേസ്റ്റേഷനിലുണ്ടായിരുന്നത്. ഇതിനിടെയാണ് അപകടം.
ബാന്ദ്ര ടെർമിനലിൽ നിന്നും രാവിലെ 5.10നായിരുന്നു ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. 2.50ന് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചട്രെയിനിൽ കയറിപ്പറ്റാനായി ആളുകൾ തടിച്ചുകൂടി. ചലിച്ചുകൊണ്ടിരുന്ന ട്രെയിനിൽ കയറിപ്പറ്റാൻ ശ്രമിച്ചവർക്കാണ് കൂടുതലും പരിക്കേറ്റത്. ഇവരിൽ ചിലർ പ്ലാറ്റ്‌ഫോമിൽ വീഴുന്നതിന്റെയും താഴെവീണവർക്ക് മുകളിലൂടെ ആളുകൾ ചവിട്ടിക്കയറുന്നതിന്റെയും ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീപാവലി ആഘോഷം പ്രമാണിച്ചാണ് ഇത്രയും തിരക്ക് അനുഭവപ്പെട്ടതെന്നാണ് റെയിൽവേയുടെ വിശദീകരണം. അതേസമയം ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് പ്രോട്ടോക്കോളുകൾ വിലയിരുത്താനായി പശ്ചിമ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓടുന്ന ട്രെയിനുകളിൽ കയറുകയോ അതിൽനിന്ന് ഇറങ്ങുകയോ ചെയ്യരുതെന്ന് യാത്രക്കാരോട് വെസ്റ്റേൺ റെയിൽവേ അഭ്യർത്ഥിച്ചു. മുംബൈയിലെ യാത്രക്കാരെ റെയിൽവെ അവഗണിച്ചുവെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് ആരോപിച്ചു. മുംബൈ നഗരം കേന്ദ്രസർക്കാരിന് പരമാവധി വരുമാനം നൽകുന്നുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാർക്ക് ഇവിടെ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈയുടെ സംഭാവനകളും അതിന് ലഭിക്കുന്ന സൗകര്യങ്ങളും തമ്മിലുള്ള അസമത്വം ചൂണ്ടിക്കാട്ടിയായിരുന്നു റാവത്തിന്റെെ വിമർശനം.