മധ്യപ്രദേശിലെ ഈ നഗരത്തിൽ തെരുവ് നായ്ക്കൾ ഒരു ദിവസം ആക്രമിച്ചത് 548 പേരെ
മധ്യപ്രദേശിലെ മറ്റ് നഗരങ്ങളിലും സ്ഥിതി വളരെ മോശമാണ്.
ഭോപ്പാൽ: തെരുവ് നായ്ക്കൾ ഇല്ലാത്ത നാടില്ല. പലയിടത്തും ആക്രമണവും പതിവാണ്. എന്നാൽ ഒറ്റ ദിവസം 500ലേറെ പേരെ തെരുവ് നായ്ക്കൾ ആക്രമിക്കുന്ന സംഭവം കേട്ടുകേൾവിയില്ല. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ജനുവരി 23ന് നഗരത്തിൽ 548 പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.
പരിക്കേറ്റവരിൽ 197 പേരെ ആന്റി റാബിസ് വാക്സിൻ കുത്തിവയ്ക്കാനായി മൊറാർ സർക്കാർ ആശുപത്രിയിലേക്കും 131 പേരെ ജയ ആരോഗ്യ ആശുപത്രിയിലേക്കും മാറ്റി.
153 പേർ ഹസീറ സിവിൽ ആശുപത്രിയിലും 39 പേർ ദബ്ര സിവിൽ ആശുപത്രിയിലും ചികിത്സ തേടി. ഗ്വാളിയോറിൽ തെരുവ് നായ്ക്കളുടെ കടിയേൽക്കുന്ന കേസുകൾ ക്രമാതീതമായി വർധിക്കുകയാണ്. പ്രതിദിനം 100ലധികം കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു.
മധ്യപ്രദേശിലെ മറ്റ് നഗരങ്ങളിലും സ്ഥിതി വളരെ മോശമാണ്. ജനുവരി 17ന് തലസ്ഥാന നഗരമായ ഭോപ്പാലിൽ തെരുവ് നായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട് 40 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
നേരത്തെ, ജനുവരി 10ന് ഭോപ്പാലിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്നിരുന്നു. അന്ന് മുതൽ മുനിസിപ്പൽ കോർപ്പറേഷൻ തെരുവ് നായ്ക്കളെ പിടിക്കാനുള്ള നീക്കം ആരംഭിച്ചെങ്കിലും ഫലം കണ്ടിട്ടില്ല.