തെരുവുനായ്ക്കളില്‍ നിന്ന് സഹോദരനെ രക്ഷിക്കുന്നതിനിടെ ആറുവയസുകാരിക്ക് ദാരുണാന്ത്യം

നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടുവയസുകാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

Update: 2024-05-29 04:28 GMT
Editor : Lissy P | By : Web Desk
Advertising

കാൺപൂർ: കാൺപൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആറുവയസുകാരി കൊല്ലപ്പെട്ടു. തെരുവ് നായ്ക്കളില്‍ നിന്ന് സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടത്. ഖുഷി എന്ന പെൺകുട്ടിയാണ് മരിച്ചത്.രണ്ടുവയസുകാരനായ ഇളയ സഹോദരൻ ഭോലയുമായി വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തെരുവ് നായ്ക്കൾ ഖുഷിയെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ നായ്ക്കളെ ആട്ടിയോടിച്ച് കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. നായ്ക്കളുടെ ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുന്ന ചോട്ടു,ഭാര്യ പൂജ എന്നിവരുടെ മകളാണ് ഖുഷി. രണ്ട് കുട്ടികൾക്കുമൊപ്പം സിടിഐ കച്ചി ബസ്തിയിലാണ് ഇവർ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 'കനത്ത ചൂട് കാരണം ഭക്ഷണം കഴിച്ച് ഞങ്ങൾ ഫൂട്ട്പാത്തിലാണ് കിടന്നുറങ്ങിയത്. പെട്ടന്ന് ഒരു കൂട്ടം നായ്ക്കൾ എന്റെ കുട്ടികളെ ആക്രമിച്ചു. ഞങ്ങൾ എന്തെങ്കിലും ചെയ്യുമ്പോഴേക്കും നായ്ക്കൾ മകളുടെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കടിച്ചു. മകനും നിരവധി പരിക്കുകളേറ്റിട്ടുണ്ട്.. 'പിതാവായ ഛോട്ടു പറഞ്ഞു.

രണ്ടുവയസുകാരന്റെ നില ഗുരുതരമായതിനെത്തുടർന്ന് ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മുൻസിപ്പൽ കോർപ്പറേഷന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് മാതാപിതാക്കളും ബന്ധുക്കളും ആറുവയസുകാരിയുടെ മൃതദേഹവുമായി ദാദനഗർ മേൽപ്പാലത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുമ്പും ആളുകൾക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്നും നഗരസഭ നടപടിയെടുത്തില്ലെന്നും ഇവർ ആരോപിച്ചു.

പ്രദേശത്ത് അനധികൃതമായി ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതിനാൽ തെരുവുനായ്ക്കൾ ഇവിടെ ചുറ്റിത്തിരിഞ്ഞ് കുട്ടികൾക്കും പ്രായമായവർക്കും അപകടഭീഷണി ഉയർത്തുന്നതായും പ്രദേശവാസികൾ പറയുന്നു.തെരുവ് നായ്ക്കളെ നീക്കം ചെയ്യുകയും അനധികൃത ഇറച്ചിക്കടകൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നൽകി. തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വിഷയത്തിൽ മുനിസിപ്പൽ കോർപ്പറേഷനുമായി ചർച്ച ചെയ്യുമെന്നും കുടുംബാംഗങ്ങളുടെ പരാതിയിൽ നടപടിയെടുക്കുമെന്നും എസിപി അമർനാഥ് യാദവ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News