കലാപഭൂമിയില്‍ കോണ്‍ഗ്രസ്; ബി.ജെ.പിയെ തൂത്തെറിഞ്ഞ മണിപ്പൂര്‍

2019ലെ തെരഞ്ഞെടുപ്പില്‍ ഇന്നർ സീറ്റിൽ ബി.ജെ.പിക്കായിരുന്നു ജയം

Update: 2024-06-05 05:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇംഫാല്‍: ബി.ജെ.പി വിരുദ്ധ വികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയില്‍ മണിപ്പൂരില്‍ അങ്കത്തിനിറങ്ങിയ കോണ്‍ഗ്രസിന് ഇത്തവണ നിരാശപ്പെടേണ്ടി വന്നില്ല. വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്. ഭരണകക്ഷിയായ ബി.ജെ.പിയെയും സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെയും പരാജയപ്പെടുത്തി മിന്നുന്ന വിജയം കരസ്ഥമാക്കി കോണ്‍ഗ്രസ്.

ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ ജെഎന്‍യുവിലെ പ്രൊഫസറായ കോൺഗ്രസ് സ്ഥാനാർഥി അംഗോംച ബിമോൾ അകോയ്‌ജം 109,801 വോട്ടുകൾക്കാണ് ബി.ജെ.പിയുടെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ടി. ബസന്ത കുമാർ സിങ്ങിനെ പരാജയപ്പെടുത്തിയത്.മുൻ നിയമസഭാംഗമായ കോൺഗ്രസിൻ്റെ ആൽഫ്രഡ് കങ്കം ആർതർ, ഗോത്രവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ട മണിപ്പൂരിലെ ഔട്ടർ സീറ്റിൽ എൻപിഎഫിൻ്റെ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ കച്ചുയി തിമോത്തി സിമിക്കിനെ 85,418 വോട്ടുകൾക്ക് തോല്‍പിച്ചു. മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെയ്‌ഷാം മേഘചന്ദ്ര സിംഗ് രണ്ട് മണ്ഡലങ്ങളിലും കൂടെ നിന്ന മണിപ്പൂരിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും കലാപത്തില്‍ ദുരിതമനുഭവിക്കുന്നവർക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുമായി തെരഞ്ഞെടുപ്പ് വിജയം സമർപ്പിക്കുകയും ചെയ്തു.

2019ലെ തെരഞ്ഞെടുപ്പില്‍ ഇന്നർ സീറ്റിൽ ബി.ജെ.പിക്കായിരുന്നു ജയം. ഔട്ടര്‍ മണിപ്പൂരിൽ എൻപിഎഫും വിജയിച്ചു. ഇത്തവണ ഇന്നര്‍ മണിപ്പൂരില്‍ ബി.ജെ.പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ഔട്ടറില്‍ എന്‍പിഎഫിനെ പിന്തുണക്കുകയുമാണുണ്ടായത്. “ ഒരു വർഷത്തിലേറെയായി മണിപ്പൂർ വംശീയ കലാപത്തിന് സാക്ഷ്യം വഹിക്കുന്നു. ആളുകൾ ദുരിതത്തിലാണ്. എന്നാൽ ഇത് പരിഹരിക്കാൻ കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബി.ജെ.പി സർക്കാരുകൾ പരാജയപ്പെട്ടു'' മണിപ്പൂര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.മേഘചന്ദ്ര സിങ് പറഞ്ഞു. രണ്ട് സീറ്റുകളിലും കോൺഗ്രസിന് അനുകൂലമായ വിധി സംസ്ഥാനമൊട്ടാകെയുള്ള വോട്ടർമാരുടെ നിരാശയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിനെയും സിങ് കുറ്റപ്പെടുത്തി. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിക്കാനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനമാണ് പാർട്ടിയുടെ വിജയത്തിന് കാരണമായതെന്ന് സിങ് കൂട്ടിച്ചേര്‍ത്തു. തോൽവിയെക്കുറിച്ച് പാർട്ടി ആത്മപരിശോധന നടത്തുമെന്ന് മണിപ്പൂർ ബി.ജെ.പി വൈസ് പ്രസിഡൻ്റ് ചിദാനന്ദ സിംഗ് പറഞ്ഞു.''ഒരു വര്‍ഷത്തിലേറെയായി മണിപ്പൂര്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സര്‍ക്കാരിന്‍റെ പ്രകടനത്തിന്‍റെ പ്രതിഫലനമല്ലെന്നും അദ്ദേഹം പറഞ്ഞു.

2023 മേയ് 3ന് മെയ്തേയ് വിഭാഗവും കുക്കി സമുദായവും തമ്മിലുണ്ടായ വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് 220-ലധികം ആളുകൾ കൊല്ലപ്പെടുകയും 50,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.മണിപ്പൂരിലെ പ്രബല ഗോത്രവര്‍ഗ വിഭാഗമായ മെയ്തി വിഭാഗത്തിന് പട്ടികജാതി വർഗ പദവി നൽകുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവാണ് സംഘർഷത്തിന് കാരണമായത്. പിന്നീടങ്ങോട്ട് നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും അഗ്നിക്കിരയായി. കുക്കി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കി. നിരവധി കുട്ടികളെ രക്ഷിതാക്കൾ ക്യാമ്പുകളിൽ ഉപേക്ഷിച്ചു. അമ്പതിനായിരത്തിലധികം പേർ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്.

ഇങ്ങനെ കലാപത്തീയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന മണിപ്പൂരിലേക്കായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ് എത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ പോലെ തെരഞ്ഞെടുപ്പിന്‍റെ ആരവങ്ങളൊന്നും മണിപ്പൂരിലുണ്ടായിരുന്നില്ല. സ്ഥാനാര്‍ഥികളുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും മാത്രമാണ് പാര്‍ട്ടി പതാകകള്‍ പ്രത്യക്ഷപ്പെട്ടത്. അടച്ചിട്ട മുറിക്കുള്ളിലാണ് ഭൂരിഭാഗം തെരഞ്ഞെടുപ്പ് യോഗങ്ങളും നടന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ യോഗത്തിന് നേരെ ആക്രമണമുണ്ടാവുകയും ഇരുവര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ദിവസം അക്രമസംഭവങ്ങൾ ഉണ്ടായതിനാൽ കുറഞ്ഞത് 17 പോളിംഗ് സ്റ്റേഷനുകളിലെങ്കിലും റീപോളിങ് നടത്താൻ ഉത്തരവിട്ടിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News