'നിങ്ങൾക്ക് ഇനിയും അവസരമുണ്ട്, ഞങ്ങളുടെ ഭാവി തകർക്കരുത്'; കർണാടക മുഖ്യമന്ത്രിയോട് വിദ്യാർഥിനി
'ഹിജാബ് ധരിച്ച് ഞങ്ങളെ പരീക്ഷ എഴുതാൻ അനുവദിക്കാൻ നിങ്ങൾക്ക് ഇനിയും തീരുമാനം എടുക്കാം'
ബംഗളൂരു: ഹിജാബ് നിരോധനം നീക്കണമെന്ന് കർണാടക സർക്കാറിനോട് അഭ്യർഥിച്ച് ഹിജാബ് പ്രതിഷേധത്തിൽ മുന്നിലുണ്ടായിരുന്ന വിദ്യാർഥിനി. ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയ പെൺകുട്ടികളിലൊരാളായ ആലിയ അസ്സദിയാണ് ട്വിറ്ററിലൂടെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ടാഗ് ചെയ്ത് ഇക്കാര്യം ആവശ്യപ്പെട്ടത്.
'ഈ മാസം 22 ന് നടക്കാനിരിക്കുന്ന പ്രീ-യൂണിവേഴ്സിറ്റി പരീക്ഷകളെഴുതാനാഗ്രഹിക്കുന്ന നിരവധി വിദ്യാർഥിനികളുടെ ഭാവിയെ ഇത് ബാധിക്കുമെന്നും ആലിയ പറഞ്ഞു. 'ഞങ്ങളുടെ ഭാവി തകർക്കാതിരിക്കാൻ ഇനിയും അവസരമുണ്ടെന്നും ആലിയ ട്വീറ്റ് ചെയ്തു. ഹിജാബ് ധരിച്ച് ഞങ്ങളെ പരീക്ഷ എഴുതാൻ അനുവദിക്കാൻ നിങ്ങൾക്ക് ഇനിയും തീരുമാനം എടുക്കാം. ദയവായി ഇത് പരിഗണിക്കുക. ഞങ്ങൾ ഈ രാജ്യത്തിന്റെ ഭാവി വാഗ്ദാനമെന്നും' സംസ്ഥാനതല കരാട്ടെ ചാമ്പ്യന്‍ കൂടിയായ 17 കാരി ആലിയ ട്വീറ്റ് ചെയ്തു. 'ഹിജാബ് ഞങ്ങളുടെ അവകാശം' എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.
ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ ഇവർ സുപ്രീം കോടതിയെ സമീപ്പിച്ചിരിക്കുകയാണ്. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഹർജികൾ മാർച്ച് 15ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന നിരോധനം ശരിവച്ചുകൊണ്ട്, ഹിജാബ് ധരിക്കുന്നത് ഇസ്‍ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നും അത് നിർദ്ദേശിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകീകൃത വസ്ത്രധാരണ നിയമം പാലിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം, കർണാടകയിലെ ഉഡുപ്പിയിൽ നിന്നുള്ള 40 ലധികം മുസ്‍ലിം പെൺകുട്ടികൾ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് ഒന്നാം വർഷ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്നതിൽ നിന്ന് വിട്ടുനിന്നു. പരീക്ഷ ഒഴിവാക്കിയവർ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിലാണ്. നേരത്തെ പ്രാക്ടിക്കൽ പരീക്ഷകളും പെൺകുട്ടികൾ ബഹിഷ്‌കരിച്ചിരുന്നു.എന്നാൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ അടിയന്തര വാദം കേൾക്കാൻ സുപ്രിംകോടതി വിസമ്മതിച്ചിരിക്കുകയാണ്.