മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം: നേഹ പബ്ലിക് സ്‌കൂൾ അടച്ചുപൂട്ടി
അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊലീസ് പറയുമ്പോഴും അധ്യാപികയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല
ഡൽഹി: യു.പിയിൽ അധ്യാപിക വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സ്കൂൾ പൂട്ടി. നേഹ പബ്ലിക് സ്കൂളാണ് അന്വേഷണം പൂർത്തിയാകുന്നത് വരെ പൂട്ടിയത്. സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബോധപൂർവമുള്ള മർദനം (323), മനഃപൂർവമുള്ള അപമാനം (504) എന്നീ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കണമെന്ന് യുപിയിലെ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം വളരെ വേഗത്തിൽ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുസാഫിർ നഗർ പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, അധ്യാപികയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് ഇതുവരെ കടന്നിട്ടില്ല.
ഇന്നലെയാണ് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അധ്യാപികയെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യുമെന്ന വിവരങ്ങൾ പുറത്തുവന്നെങ്കിലും ഇതുവരെ പോലീസ് നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ രണ്ടുദിവസം കഴിഞ്ഞാണ് പുറത്തുവന്നത്. ആദ്യം പരാതി നൽകാൻ കുട്ടിയുടെ പിതാവ് തയ്യാറായില്ലെങ്കിലും ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതുവരെ തുടർനടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല. അധ്യാപികയെ പോലീസ് സഹായിക്കുന്നു എന്ന തരത്തിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്.