രാമക്ഷേത്രം പണിതിട്ടും തോല്‍പ്പിച്ചു, സീതയെ സംശയിച്ച നാട്ടുകാരല്ലേ; അയോധ്യക്കാര്‍ക്കെതിരെ തുറന്നടിച്ച് രാമായണം സീരിയല്‍ താരം
ഹിറ്റ് ചിത്രം ബാഹുബലിയിലെ കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്നു കുത്തുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്
അയോധ്യ: അയോധ്യയില്‍ ബി.ജെ.പിയുടെ ഞെട്ടിക്കുന്ന തോല്‍വിയില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച് രാമായണം സീരിയലില്‍ ലക്ഷ്മണനായി വേഷമിട്ട നടന്‍ സുനില്‍ ലാഹ്‍രി. രാമക്ഷേത്രം നിര്‍മിച്ചു നല്‍കിയിട്ടും അയോധ്യക്കാര്‍ ബി.ജെ.പിയെ തോല്‍പിച്ചുവെന്ന് സുനില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ഹിറ്റ് ചിത്രം ബാഹുബലിയിലെ കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്നു കുത്തുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ബാഹുബലിയെ ബി.ജെ.പിയായും കട്ടപ്പയെ അയോധ്യയായും ചിത്രീകരിച്ചിരിക്കുന്നു. '“വനവാസം കഴിഞ്ഞ് മടങ്ങിയെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യ പൗരന്മാരാണ് ഇവരെന്ന കാര്യം നമ്മള്‍ മറന്നുപോയി. ദൈവത്തെപ്പോലും നിഷേധിക്കുന്നവരെ എന്ത് വിളിക്കും? സ്വാർത്ഥതയാണിത്. അയോധ്യയിലെ പൗരന്മാർ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അവരെയോർത്ത് ലജ്ജിക്കുന്നു.” സുനില്‍ കുറിച്ചു.
“പ്രിയപ്പെട്ട അയോധ്യയിലെ പൗരന്മാരെ, നിങ്ങളുടെ ഹൃദയവിശാലതയെ നമിക്കുന്നു, സീതാദേവിയെപ്പോലും വെറുതെ വിടാത്തവരാണ് നിങ്ങൾ. ശ്രീരാമനെ ആ ചെറിയ കൂടാരത്തിൽ നിന്ന് പുറത്തുകൊണ്ടുവന്ന് മനോഹരമായ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച മനുഷ്യനെ നിങ്ങൾ ഒറ്റിക്കൊടുത്തതിൽ ഞങ്ങള്‍ക്ക് ഞെട്ടലില്ല. രാജ്യം മുഴുവനും ഇനിയൊരിക്കലും നിങ്ങളെ ബഹുമാനത്തോടെ കാണില്ല.'' സുനില്‍ പറയുന്നു.
രാമാനന്ദ് സാഗറിൻ്റെ രാമായണത്തില്‍ രാമനും സീതയുമായി അഭിനയിച്ച അരുൺ ഗോവിൽ, ദീപിക ചിക്കിലിയ എന്നിവർക്കൊപ്പം അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ സുനിൽ പങ്കെടുത്തിരുന്നു.അരുണ്‍ ഗോവില്‍ യുപിയിലെ മീററ്റില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. സമാജ്‌വാദി പാർട്ടി സ്ഥാനാർഥി സുനിത വർമയ്‌ക്കെതിരെ 10,585 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. “ പ്രിയപ്പെട്ട രണ്ട് പേർ തിരഞ്ഞെടുപ്പിൽ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ട്. ആദ്യം കങ്കണ റണാവത്ത്. സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രതിരൂപമായ അവർ മാണ്ഡിയിൽ വിജയിച്ചു. രണ്ടാമത്, മീററ്റിൽ നിന്ന് വിജയിച്ച എൻ്റെ ജ്യേഷ്ഠൻ അരുൺ ഗോവിൽ. ഇരുവർക്കും അഭിനന്ദനങ്ങളും ആശംസകളും." എന്നായിരുന്നു സുനിലിന്‍റെ പ്രതികരണം.
അതേസമയം 1980കളിൽ അരുൺ ഗോവിൽ കോൺഗ്രസിനെ പിന്തുണച്ചിരുന്നു. നേരത്തെ രാവണനായി അഭിനയിച്ച അരവിന്ദ് ത്രിവേദിയയും സീതയായി അഭിനയിച്ച ദീപിക ചിക്കിലിയയും ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് എംപിയായിരുന്നു.
രാമക്ഷേത്രം വോട്ടുകള്‍ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിച്ച് അയോധ്യയില്‍ അങ്കത്തിനിറങ്ങിയ ബി.ജെ.പിക്ക് വന്‍തിരിച്ചടിയാണ് നേരിട്ടത്. ക്ഷേത്ര നഗരമായ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ലല്ലു സിങ് 54,000ത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ലല്ലുവിനെതിരെ മണ്ഡലത്തിലെ ഏക എംഎല്‍എ അവധേഷ് പ്രസാദിനെയാണ് സമാജ്‍വാദി പാര്‍ട്ടി കളത്തിലിറക്കിയത്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പോലും ലല്ലു മുന്നിലെത്തിയില്ലെന്നതും ശ്രദ്ധേയമാണ്.