'കുറ്റാരോപിതനായാലും കുറ്റക്കാരനായാലും വീട് തകർക്കരുത്'; ബുൾഡോസർ രാജിനെതിരെ സുപ്രിംകോടതി

ബുൾഡോസർ രാജിൽ മാർഗനിർദേശം പുറത്തിറക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്

Update: 2024-09-02 11:46 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ബുൾഡോസർ രാജിനെതിരെ കടുത്ത പരാമർശങ്ങളുമായി സുപ്രിംകോടതി. ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ബുൾഡോസർ രാജിൽ മാർഗനിർദേശം പുറത്തിറക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ബുൾഡോസർ രാജിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമർശങ്ങൾ. ശോഭായാത്രയുടെ ഭാഗമായി നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണകൂടം ജഹാംഗീർപുരിയിൽ നടത്തിയ ബുൾഡോസർ നടപടികൾക്കെതിരെ രാജ്യസഭാ മുൻ എംപിയും സിപിഎം നേതാവുമായ വൃന്ദാ കാരാട്ട്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഉൾപ്പെടെ നൽകിയ ഹരജികളും ഇക്കൂട്ടത്തിലുണ്ട്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണു ഹരജികൾ പരിഗണിച്ചത്.

ഒരാൾ കുറ്റാരോപിതനാണെന്ന പേരിൽ എങ്ങനെയാണ് അയാളുടെ വീട് തകർക്കുകയെന്ന് കോടതി ചോദിച്ചു. ഇനി കുറ്റക്കാരനാണെന്നു കണ്ടെത്തിയാലും നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ ഇത്തരമൊരു നടപടി ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്ന ആശങ്കകൾ പരിഹരിക്കാനായി മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. ഒരു പിതാവിനു വഴക്കാളിയായ മകനുണ്ടാകാം. എന്നാൽ, അതിന്റെ അടിസ്ഥാനത്തിൽ അവരുടെ വീട് തകർക്കാനാകില്ലെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥൻ ചൂണ്ടിക്കാട്ടി. ഇങ്ങനെയല്ല വിഷയത്തെ നേരിടേണ്ടത്. കെട്ടിടം അനധികൃതമായി നിർമിച്ചതാണെങ്കിൽ മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂവെന്നും ജഡ്ജി പറഞ്ഞു.

അനധികൃത കെട്ടിടമാണെങ്കിലും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. ആദ്യം നോട്ടിസ് അയയ്ക്കണം. തുടർന്ന് വിശദീകരണം നൽകാനുള്ള സമയം അനുവദിക്കണം. നിയമപരിഹാരങ്ങൾ കാണാനുള്ള അവസരവുമുണ്ടാകണം. ഇതിനുശേഷം മാത്രമേ കെട്ടിടം പൊളിക്കുന്നതടക്കമുള്ള നടപടികളിലേക്കു പോകാവൂ. റോഡിലോ പൊതുസ്ഥലത്തോ ഉള്ള അനധികൃത നിർമാണങ്ങളെ കോടതി പിന്തുണയ്ക്കുന്നില്ല. അത്തരം സാഹചര്യത്തിലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം കെട്ടിടങ്ങൾ പൊളിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ബുൾഡോസർ രാജുമായി ബന്ധപ്പെട്ട് രാജ്യത്തിനൊന്നായി ഉടൻ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങളുണ്ടെങ്കിൽ അറിയിക്കണമെന്ന് ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം സമാഹരിച്ച് കോടതിയിൽ സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകനായ നചികേത ജോഷിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു പരാതിക്കാർ ബുൾഡോസർ രാജിനെതിരെ സമർപ്പിച്ച ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. രാജസ്ഥാൻ കേസിൽ വീട്ടുടമസ്ഥന്റെ മകൻ ചെയ്ത കുറ്റത്തിനായിരുന്നു വീട് തകർത്തത്. മധ്യപ്രദേശിൽ കുടുംബതർക്കത്തെ തുടർന്നായിരുന്നു ബുൾഡോസർ നടപടി.

Summary: 'Can't demolish house just because somebody is an accused': Supreme Court to frame pan-India guidelines on 'bulldozer raj'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News