മുല്ലപ്പെരിയാർ ഡാം മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി സുപ്രിംകോടതി
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഒരോ സാങ്കേതിക അംഗത്തെ കൂടി മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്തി
ഡൽഹി: മുല്ലപ്പെരിയാർ ഡാം മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി സുപ്രിംകോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം കൈമാറിയാണ് സുപ്രിംകോടതി ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയത്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണസജ്ജമാകുന്നത് വരെയാണ് ക്രമീകരണം നിലനിൽക്കുക. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഒരോ സാങ്കേതിക അംഗത്തെ കൂടി മേൽനോട്ട സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മേൽനോട്ട സമിതിയിൽ പൊതുജനങ്ങൾക്കും പരാതികൾ സമർപ്പിക്കാവുന്നതാണ്. അത്തരം പരാതികൾ സമിതി പരിശോധിച്ച് തീർപ്പാക്കണം. കേരളവും തമിഴ്‌നാടും ഡാമുമായി ബന്ധപ്പെട്ട് ഉന്നയിച്ച എല്ലാ പരാതികളും ആവശ്യങ്ങളും മേൽനോട്ട സമിതി പരിഗണിക്കും. അടുത്ത മാസം 11ന് മേൽനോട്ട സമിതി തൽസ്ഥിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മുല്ലപ്പെരിയാറിൽ പുതിയ സുരക്ഷാ പരിശോധനയും സുരക്ഷാ ഓഡിറ്റും നടത്തണം- കോടതി നിർദേശിച്ചു.
നിലവിലെ മേൽനോട്ട സമിതി ചെയർമാനെ മാറ്റണമെന്ന കേരളത്തിന്റെ ഹരജി തള്ളിയ കോടതി കേരളവും തമിഴ്‌നാടും നിർദേശിക്കുന്ന ഓരോ വിദഗ്ധരെയും സമിതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. സമിതിയുടെ ഘടനയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ജല കമ്മീഷൻ ചെയർമാനെയോ, അല്ലെങ്കിൽ അവിടുത്തെ മുതിർന്ന ഉദ്യോഗസ്ഥനെയോ മേൽനോട്ട സമിതി ചെയർമാൻ ആക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് സുപ്രിംകോടതി തള്ളിയത്. നിലവിലെ മേൽനോട്ട സമിതി ചെയർമാനായ കേന്ദ്ര ജല കമ്മീഷനിലെ ചീഫ് എഞ്ചിനീയർ ഗുൽഷൻ രാജിനെ തൽസ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. സമിതിയിലെ അംഗങ്ങളായ കേരളാ തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരെക്കാൾ കുറഞ്ഞ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് ചെയർമാനെ മാറ്റണം എന്ന ആവശ്യം കേരളം മുന്നോട്ടുവച്ചത്. എന്നാൽ കേരളവും തമിഴ്‌നാടും നിർദേശിക്കുന്ന ഓരോ വിദഗ്ധ അംഗത്തേയും ഉൾപ്പെടുത്തി സമിതി വിപുലീകരിക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.
പുതിയ ഡാം നിർമിക്കാൻ കേരളം ശ്രമിക്കുന്നുവെന്ന് തമിഴ്‌നാട് ആരോപണം ഉയർത്തിയപ്പോൾ, പുതിയ ഡാം നിർമിക്കൽ മേൽനോട്ട സമിതിയുടെ അധികാര പരിധിയിൽ വരാത്ത കാര്യമാണ് എന്നാണ് സുപ്രിംകോടതി മറുപടി നൽകിയത്. സുരക്ഷാവിഷയം മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത് എന്നും മറ്റ് വിഷയങ്ങൾ പിന്നീട് പരിഗണിക്കാമെന്നും ജസ്റ്റിസ് എ.എം ഖാൻവിൽക്കർ പറഞ്ഞിരുന്നു.
സംസ്ഥാനത്തിന് കരുതലേകുന്ന വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചതെന്നും ആവശ്യങ്ങൾ അംഗീകരിച്ചുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാം സുരക്ഷ സംബന്ധിച്ച ആവശ്യങ്ങൾക്ക് അംഗീകാരം ലഭിച്ചെന്നും കാര്യങ്ങൾ കേരളത്തിന് കൂടുതൽ അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇനി കേരളവുമായി തമിഴ്‌നാടിന് എല്ലാം കാര്യങ്ങളും ആലോചിക്കേണ്ടിവരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
The Supreme Court has given more powers to the Mullaperiyar Oversight Committee