പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാർ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ: നോട്ടീസയച്ച് സുപ്രിംകോടതി

ആരോഗ്യ കാരണങ്ങൾ മാത്രമേ പരിഗണിക്കാവൂവെന്ന് നിർദേശം

Update: 2024-09-20 11:28 GMT
Advertising

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാർ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷയിൽ എൻഐഎക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ആരോപണങ്ങൾ ഗുരുതരമാണെന്നും ആരോഗ്യ കാരണങ്ങൾ മാത്രമേ ജാമ്യാപേക്ഷക്ക് പരിഗണിക്കാവൂവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങളിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മെയ് 28ന് ഡൽഹി ഹൈക്കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോഗ്യ കാരണങ്ങളടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അന്നും ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ, ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ്, ജസ്റ്റിസ് മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ച് അപേക്ഷ തള്ളുകയായിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇ. അബൂബക്കർ. 2022ൽ സംഘടനയെ നിരോധിച്ചതിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.

യുഎപിഎ പ്രകാരം ഇദ്ദേഹത്തിനെതിരെ ആരോപിച്ച കുറ്റകൃത്യങ്ങൾ ഗുരുതരമാണെന്നും അത്തരം കാരണങ്ങൾ അവഗണിക്കാനാകില്ലെന്നും സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ടിനെ നിരോധിത സംഘടനയായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ മനസ്സിലാക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇന്ത്യൻ ഭരണഘടനക്ക് പകരം രാജ്യത്ത് ഇസ്‍ലാമിക നിയമപ്രകാരമുള്ള ഖിലാഫത്ത് ഭരണം സ്ഥാപിക്കാനായി ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ആയുധ പരിശീലനം നടത്തിയിട്ടുണ്ടെന്ന് സാക്ഷികളുടെ മൊഴി വ്യക്തമാക്കുന്നതായും ബെഞ്ച് നിരീക്ഷിച്ചു. ഇ. അബൂബക്കർ തടവിലായിട്ട് രണ്ട് വർഷം തികഞ്ഞിട്ടില്ല. അദ്ദേഹത്തിനെതിരെ വലിയ ആരോപണങ്ങളാണുള്ളത്. മൗലികാവകാശങ്ങളുടെ ലംഘനം ഇവിടെ സൂചിപ്പിക്കാൻ ഒന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇ. അബൂബക്കറിനുള്ള പാർക്കിൻസൻ രോഗം നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇതുസംബന്ധിച്ച് വിചാരണ കോടതി മതിയായ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഡൽഹിയിലെ എയിംസിൽ പ്രവേശനം നേടാൻ ഹരജിക്കാരന് താൽപ്പര്യമില്ല എന്നാണ് ജയിൽ റിപ്പോർട്ടിലുള്ളത്. എയിംസ് രാജ്യത്തെ തന്നെ മികച്ച ആശുപത്രിയാണതെന്ന് പറയേണ്ട ആവശ്യമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നിരീക്ഷണങ്ങളിൽ മയങ്ങാതെ വിചാരണ കോടതി ആരോപണങ്ങളിൽ വിധിപറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് ഇ. അബൂബക്കർ. വിവിധ സംസ്ഥാനങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പോപ്പുലർ ​ഫ്രണ്ട് അംഗങ്ങൾ ഗൂ​ഢാലോചന നടത്തുകയും രാജ്യത്തുനിന്നും പുറത്തുനിന്നും ഫണ്ട് ശേഖരിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News