'ടീസർ അധിക്ഷേപകരം'; 'ഹമാരേ ബാരാ' സിനിമയുടെ റിലീസ് തടഞ്ഞ് സുപ്രിംകോടതി

ഹരജിയിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയോട് കോടതി ആവശ്യപ്പെട്ടു.

Update: 2024-06-13 11:41 GMT
Advertising

ന്യൂഡൽഹി: കമൽ ചന്ദ്ര സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ 'ഹമാരേ ബാരാ'യുടെ റിലീസ് തടഞ്ഞ് സുപ്രിംകോടതി. സിനിമയുടെ ടീസർ അധിക്ഷേപകരമാണെന്ന് നിരീക്ഷിച്ചാണ് കോടതി റിലീസ് താൽക്കാലികമായി തടഞ്ഞത്. സിനിമയുടെ റിലീസിന് അനുമതി നൽകിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹരജി പരിഗണിച്ചാണ് കോടതി നടപടി.

'സിനിമയുടെ ട്രെയ്ലർ ഞങ്ങൾ രാവിലെ കണ്ടു. ടീസർ നിറയെ അധിക്ഷേപകരമായ കാര്യങ്ങളാണ്. അത്തരം സംഭാഷണങ്ങളാണ് അതിൽ കാണാനാവുന്നത്'- കോടതി പറഞ്ഞു. സിനിമ ഇസ്‌ലാമിക വിശ്വാസത്തെയും വിവാഹിതരായ മുസ്‌ലിം സ്ത്രീകളേയും അവഹേളിക്കുന്നതാണെന്ന ആരോപണങ്ങളും കോടതി ശ്രദ്ധയിൽപ്പെടുത്തി.

ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന അവധിക്കാല ബെഞ്ചാണ് റിലീസ് തടഞ്ഞത്. അസ്ഹർ ബാഷ തംബോലി എന്നയാളാണ് ഹരജി സമർപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഹരജിയിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയോട് ബെഞ്ച് ആവശ്യപ്പെട്ടു.

ബോംബെ ഹൈക്കോടതിയിലെ ഹരജിയിൽ തീരുമാനമാകുന്നത് വരെയാണ് സുപ്രിംകോടതി റിലീസ് തടഞ്ഞിരിക്കുന്നത്. യുക്തിരഹിതമായ ഉത്തരവിലൂടെ സിനിമയുടെ റിലീസിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കുകയായിരുന്നെന്ന് ഹരജിക്കാരന്റെ അഭിഭാഷകയായ ഫൗസിയ ഷക്കിൽ പറഞ്ഞു. ജൂൺ 14ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് സുപ്രിംകോടതി ഇടപെടൽ.

ജൂൺ ഏഴിന് 'ഹമാരേ ബാരാ' കർണാടകയിലും നിരോധിച്ചിരുന്നു. വർഗീയ സംഘർഷം തടയുക എന്ന ലക്ഷ്യത്തോടെ ഒരു അറിയിപ്പ് ലഭിക്കുന്നതു വരെ സിനിമ പ്രദർശിപ്പിക്കരുതെന്നായിരുന്നു സർക്കാർ നിർദേശം. കർണാടക സിനിമാ റെഗുലേഷൻസ് ആക്ട് 1964ന്റെ സെക്ഷൻ 15(1), 15(5) അനുസരിച്ചാണ് തീരുമാനം. സിനിമയുടെ റിലീസ് ചോദ്യം ചെയ്ത് മതസാമുദായിക പ്രവർത്തകർ നൽകിയ ഹരജിയെ തുടർന്നാണ് വിവാദങ്ങൾ ഉടലെടുത്തത്.

സിനിമയുടെ ട്രെയ്ലറിലും വർഗീയ സംഘർഷത്തിന് വഴിവയ്ക്കുന്ന രംഗങ്ങൾ ഉണ്ടെന്നും ഈ കാര്യമുന്നയിച്ച് നിരവധി ന്യൂനപക്ഷ സംഘടനകളുടെയും പ്രതിനിധി സംഘങ്ങളുടേയും അഭ്യർഥനകൾ കൂടി പരിഗണിച്ചാണ് നടപടിയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. അമിത ജനസംഖ്യയുടെ പ്രമേയം ചർച്ചചെയ്യുന്ന സിനിമയിൽ അന്നു കപൂർ, മനോജ് ജോഷി, പരിതോഷ് ത്രിപാഠി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവരിപ്പിക്കുന്നത്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News