പശുവിനെ ദേശീയ മൃഗമാക്കണമെന്ന ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി; പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
ജസ്റ്റിസുമാരായ എസ്.കെ കൗൾ, അഭയ് എസ് ഓക എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Update: 2022-10-10 10:06 GMT
ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഇത്തരം ഹരജികളുമായി വന്നാൽ പിഴ ഈടാക്കുമെന്ന് കോടതി ഹരജിക്കാർക്ക് മുന്നറിയിപ്പ് നൽകി. ആർട്ടിക്കിൾ 32 പ്രകാരമാണ് ഇന്ന് സുപ്രിംകോടതി മുമ്പാകെ ഈ ഹരജി വന്നത്.
ഹരജി പരിഗണിച്ച ജസ്റ്റിസ് എസ്.കെ കൗൾ രൂക്ഷമായാണ് പ്രതികരിച്ചത്. പൗരൻമാരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ സുപ്രിംകോടതി നേരിട്ട് സമീപിക്കാനുള്ള വ്യവസ്ഥയാണ് ആർട്ടിക്കിൾ 32 എന്നും ഇവിടെ ആരുടെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും കോടതി ചോദിച്ചു. കോടതിയുടെ സമയം നഷ്ടപ്പെടുത്തുന്ന ഇത്തരം ഹരജികളുമായി വന്നാൽ പിഴ ഈടാക്കാൻ തങ്ങൾ നിർബന്ധിതരാവുമെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.