മൂന്നു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ബി.ജെ.പി ചർച്ച പുരോഗമിക്കുന്നു
വമ്പൻ വിജയം നേടിയ മധ്യപ്രദേശിൽ ശിവരാജ് സിംഗിനെ തുണക്കുന്നവരാണ് അധികവും
ഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ബി.ജെ.പി ചർച്ച പുരോഗമിക്കുന്നു.വമ്പൻ വിജയം നേടിയ മധ്യപ്രദേശിൽ ശിവരാജ് സിംഗിനെ തുണക്കുന്നവരാണ് അധികവും.ഒബിസി വിഭാഗത്തിൽ നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരെ കണ്ടെത്തനാണ് ബി.ജെ.പി നീക്കം.
ബി.ജെ.പി മുഖ്യമന്ത്രിമാരിൽ ഒരാൾ മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളത് എന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പ്രസംഗം സംഘ പരിവാറിനെ ഒന്നുലച്ചിരുന്നു. ഒബിസി വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി ഉടൻ അധികാരത്തിൽ നിന്നും ഒഴിയുമെന്നും വ്യക്തമാക്കിയിരുന്നു. ശിവരാജ് സിംഗിനെ ഉദ്ദേശിച്ചായിരുന്നു ഈ വാക്കുകൾ. ഒബിസി വിഭാഗത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് പട്ടേൽ മധ്യ പ്രദേശ് നിയമ സഭയിലേക്ക് എത്തിയിട്ടുണ്ട്.
ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയുടെപേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇൻഡോർ മാത്രമാണ് അദ്ദേഹത്തിന്റെ സ്വാധീനമേഖല. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള പ്രാഥമിക ചർച്ചകളും ഡൽഹിയിൽ നടന്നു. വനിതാ മുഖ്യമന്ത്രിയെ ഇവിടെ നിയോഗിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
രാജസ്ഥാനിൽ മുഖ്യമന്ത്രി പദവി ഉറപ്പിക്കാനുള്ള വസുന്ധര രാജെയുടെ സമ്മർദ നീക്കം ബി.ജെ.പിക്ക് ആശങ്ക സൃഷ്ടിക്കുകയാണ് . തന്നെ പിന്തുണയ്ക്കുന്ന നേതാക്കളുമായി വസുന്ധര തന്‍റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. നിയമ സഭയിലേക്ക് ജയിച്ച എംപി ബാബ ബാലക്നാഥ് ഡൽഹിയിൽ നിന്നും ജൈപൂരേയ്ക്ക് തിരിച്ചു.ഒബിസി വിഭാഗത്തിൽ ജനിച്ച ഈ സന്യാസിയെ മുൻ നിർത്തി തന്നെ കേന്ദ്ര നേതൃത്വം വെട്ടുമോ എന്ന ആശങ്ക വസുന്ധരയ്ക്കുമുണ്ട്.