അണ്ണാമലൈയെയും തമിഴിസൈയെയും വിമര്‍ശിച്ചു; രണ്ട് നേതാക്കളെ തമിഴ്നാട് ബി.ജെ.പി പുറത്താക്കി
ഇരു നേതാക്കളും പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാർട്ടിക്ക് അപകീർത്തി വരുത്തിയെന്നും ബി.ജെ.പി പറയുന്നു
ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയെയും മുതിര്‍ന്ന നേതാവ് തിമിഴിസൈ സൗന്ദര്‍രാജനെയും വിമര്‍ശിച്ചതിന് പരസ്യമായി വിമർശിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്നാട് ബി.ജെ.പി അവരുടെ ചുമതലകളിൽ നിന്ന് നീക്കി.ഇരു നേതാക്കളും പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാർട്ടിക്ക് അപകീർത്തി വരുത്തിയെന്നും ബി.ജെ.പി പറയുന്നു.
തമിഴ്നാട് ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗത്തിൻ്റെ ഭാഗമായിരുന്ന കല്യാൺ രാമനെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഒബിസി വിഭാഗം ജനറൽ സെക്രട്ടറിയായിരുന്ന ട്രിച്ചി സൂര്യയെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, അണ്ണാമലൈയുടെ നേതൃത്വത്തെയും അദ്ദേഹത്തിൻ്റെ "വാർ റൂമിനെയും" രൂക്ഷമായി വിമർശിച്ച് കല്യാണ്‍ രാമൻ രംഗത്തെത്തിയിരുന്നു.അണ്ണാമലൈയുടെ പ്രവർത്തന ശൈലിയെയും തീരുമാനങ്ങൾ എടുക്കുന്നതിനെതിരെയും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, കൃത്യമായ തെളിവുകളില്ലാതെ സംസ്ഥാന നേതൃത്വത്തെയും പാർട്ടി പ്രവർത്തകരെയും കുറിച്ച് സോഷ്യൽ മീഡിയയിൽ കല്യാണ്‍ രാമൻ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി.
ട്രിച്ചി സൂര്യ തൻ്റെ സമീപകാല അഭിമുഖങ്ങളിൽ മുതിർന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനെ വിമർശിക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു.ഈ രണ്ടു നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്ന് പാർട്ടി ഭാരവാഹികളോടും പ്രവർത്തകരോടും നിർദ്ദേശിച്ചിട്ടുണ്ട്.ബി.ജെ.പിയുടെ കോർ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അണ്ണാമലൈ, ചില പാർട്ടി അംഗങ്ങൾ സ്വന്തം നേതാക്കളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബ് ചാനലുകളിലും വിമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അച്ചടക്ക നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.