‘പുതിയ പാർട്ടി തുടങ്ങുന്നവർ ആഗ്രഹിക്കുന്നത് ഡിഎംകെയെ തകർക്കാൻ’; വിജയ്ക്കെതിരെ സ്റ്റാലിൻ

‘നമ്മളെ വിമർ​ശിക്കുന്നവർ ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് മാത്രമേ പറയാനുള്ളൂ’

Update: 2024-11-04 12:56 GMT
Advertising

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്ക്കെതിരെ ഒളിയമ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നടന്റെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം. ‘ആര് പുതിയ പാർട്ടി തുടങ്ങിയാലും ഡിഎംകെയെ തകർക്കണമെന്നാണ് ആഗ്രഹം. കാരണം ഡിഎംകെയുടെ വളർച്ച അവർ ഇഷ്ടപ്പെടുന്നില്ല’ -സ്വന്തം മണ്ഡലമായ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ സ്റ്റാലിൻ പറഞ്ഞു.

ഈ സർക്കാരിന്റെ നാല് വർഷത്തെ നേട്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കൂ എന്നാണ് അവരോട് പറയാനുള്ളത്. അത്തരം കാര്യങ്ങളിൽ തനിക്ക് ആശങ്കയില്ല. ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനാണ് ഞങ്ങളുടെ യാത്ര. ഇത്തരം അനാവശ്യ കാര്യങ്ങളിൽ മറുപടി പറഞ്ഞ് സമയം കളയാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. നമ്മളെ വിമർ​ശിക്കുന്നവർ ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ’ -സ്റ്റാലിൻ പറഞ്ഞു.

വിജയ്‌യുടെ പുതിയ പാർട്ടിയായ തമിഴക ​വെട്രി കഴകത്തിന്റെ ആദ്യ പൊതുയോഗം ഒക്ടോബർ 27നാണ് നടന്നത്. യോഗത്തിൽ ബിജെപിയെയും ഡിഎംകെയെയും വിജയ് കടന്നാക്രമിച്ചിരുന്നു. ഇതിനുശേഷം ചേർന്ന പാർട്ടി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലും സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിക്കുകയുണ്ടായി.

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണ്. അനധികൃത മദ്യവിൽപ്പനയും യുവജനങ്ങൾക്കിടയിൽ ലഹരിയുടെ ഉപയോഗവും വർധിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും പകരം അധികാരത്തിലിരിക്കുന്ന ചിലരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഡിഎംകെ ഭരിക്കുന്നത്. 2021ലെ തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൂടെ ജനാധിപത്യത്തെയും ജനങ്ങളെയും അവർ വഞ്ചിച്ചു. പാൽ വില, വസ്തുനികുതി, വൈദ്യുതി നിരക്ക് എന്നിവ വർധിപ്പിച്ചുവെന്നും യോഗം വിമർശിച്ചു. പ്രതിമാസ വൈദ്യുതി ബില്ലിങ് സംവിധാനം കൊണ്ടുവരണമെന്നും ടിവികെ ആവശ്യപ്പെടുകയുണ്ടായി.

അതേസമയം, ഡിഎംകെ വിജയ്‌യുടെ പാർട്ടിയെ വിമർശിക്കുമ്പോഴും ഇതിന് വിപരീതമായ നിലപാടാണ് എഐഎഡിഎംകെ കൈകൊണ്ടിട്ടുള്ളത്. വിജയ്‌യെയോ അദ്ദേഹത്തിന്റെ പാർട്ടിയെയോ വിമർശിക്കരുതെന്ന് കാണിച്ച് പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കൾക്കും വക്താക്കൾക്കും അണ്ണാഡിഎംകെ നിർദേശം നൽകിയതയാണ് റിപ്പോർട്ട്. അണ്ണാ ഡിഎംകെയെ വിജയ് വിമര്‍ശിക്കാത്തതിനാല്‍ 'ആ മര്യാദ' തിരിച്ചും കാണിക്കണമെന്നാണ് വക്താക്കൾക്ക് നല്‍കിയ പ്രത്യേക നിര്‍ദേശം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News