എന്‍റെ മന്ത്രിമാരെ പുറത്താക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ല; ഗവര്‍ണര്‍ക്ക് സ്റ്റാലിന്‍റെ കത്ത്

ഒരാൾ മന്ത്രിയായി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ വിട്ടിട്ടുണ്ടെന്നും സ്റ്റാലിൻ പരാമർശിച്ചു

Update: 2023-07-01 02:49 GMT
Editor : Jaisy Thomas | By : Web Desk

എം.കെ സ്റ്റാലിന്‍

Advertising

ചെന്നൈ: മന്ത്രി വി. സെന്തിൽ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് മറുപടിയുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പിന്നീട് തീരുമാനത്തില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തിലാണ് സ്റ്റാലിന്‍റെ മറുപടി കത്ത്. തന്‍റെ അനുവാദമില്ലാത തന്‍റെ മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സ്റ്റാലിന്‍ രവിക്ക് അയച്ച ആറു പേജുള്ള കത്തില്‍ പറയുന്നു.

ഒരാൾ മന്ത്രിയായി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ വിട്ടിട്ടുണ്ടെന്നും സ്റ്റാലിൻ പരാമർശിച്ചു. പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നോടോ തന്റെ മന്ത്രിമാരുടെ സമിതിയോടോ കൂടിയാലോചിച്ചില്ലെന്നും ഗവർണർ "തിടുക്കത്തിലും ഭരണഘടനയെ മാനിക്കാതെയുമാണ്" പ്രവർത്തിച്ചതെന്നും സ്റ്റാലിൻ കത്തില്‍ ആരോപിക്കുന്നു. "ഭരണഘടനാ സംവിധാനത്തിന്റെ തകർച്ച" എന്ന ഗവർണറുടെ പരാമർശത്തെ വിമർശിച്ച സ്റ്റാലിൻ "കുറ്റവാളിയായ ഒരാൾ മാത്രമേ അയോഗ്യനാക്കപ്പെടുകയുള്ളൂ." എന്ന് കത്തിൽ എഴുതി.ഇത്രയും സുപ്രധാനമായ ഒരു തീരുമാനത്തിന് മുമ്പ് നിങ്ങൾ ഒരു നിയമോപദേശം പോലും എടുത്തിരുന്നില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. 

തെരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി ഇടപഴകുമ്പോൾ ഗവർണറെപ്പോലുള്ള ഉയർന്ന ഭരണഘടനാ അധികാരികൾ അന്തസ്സോടെ പ്രവർത്തിക്കണമെന്നും അടിസ്ഥാനരഹിതമായ ഭീഷണികൾക്ക് വഴങ്ങരുതെന്നും തമിഴ്നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സെന്തിൽ ബാലാജിയെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ലെന്നും ആരോപണങ്ങൾ മാത്രമാണ് നേരിടുന്നതെന്നും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു, അതിനാൽ നിയമപ്രകാരം മന്ത്രിസഭയിൽ തുടരാൻ അയോഗ്യതയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബാലാജിയെ പുറത്താക്കിയ നടപടിയില്‍ നിന്നും ഗവര്‍ണര്‍ നാടകീയമായി പിന്മാറുകയായിരുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് നടപടി മരവിപ്പിച്ചത്.മന്ത്രിമാരെ നേരിട്ട് നിയമിക്കാനും പുറത്താക്കാനും ​ഗവര്‍ണര്‍ക്ക് ഭരണഘടന പ്രകാരം അധികാരമില്ലാതിരിക്കെ ഗവർണറുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയർന്നത്.ഗവർണറുടെ നിയമവിരുദ്ധ നടപടി നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രതികരിച്ചതിനു പിന്നാലെയാണ്‌ തീരുമാനം മരവിപ്പിച്ചത്‌.

ഏഴുവര്‍ഷം മുമ്പ് ജയലളിതയുടെ എ.ഐ.എഡി.എം.കെ സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി വാ​ഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന കേസില്‍ ഈ മാസം 14ന് ഇഡി അറസ്റ്റ്‌ ചെയ്ത ബാലാജി നിലവില്‍ ആശുപത്രിവാസത്തിലാണെങ്കിലും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബാലാജി മന്ത്രിയായി തുടർന്നാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പുറത്താക്കിയതെന്നുമായിരുന്നു രാജ്ഭവന്‍റെ വിശദീകരണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News