റോഡ് മുറിച്ചുകടക്കവെ അമിതവേഗത്തിലെത്തിയെ ബൈക്കിടിച്ച് തെറിപ്പിച്ചു; ജഡ്ജിക്ക് ദാരുണാന്ത്യം
സംഭവത്തിൽ ബൈക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ: തമിഴ്നാട്ടിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ജില്ലാ ജഡ്ജി മരിച്ചു. പൊള്ളാച്ചി- ഉദുമൽപേട്ട റോഡിൽ ചൊവ്വാഴ്ചയാണ് സംഭവം. നീലഗിരി ജില്ല മൂന്നാം അഡീഷനൽ കോടതി ജഡ്ജി കരുണാനിധി (58)യാണ് മരിച്ചത്.
കാർ പാർക്ക് ചെയ്ത ശേഷം റോഡ് മുറിച്ചുകടക്കുകയായിരുന്ന ജഡ്ജിയെ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ജഡ്ജി നടന്ന് റോഡിന്റെ മറുവശത്തെ ഫുട്പാത്തിനടുത്ത് എത്തിയപ്പോഴായിരുന്നു ബൈക്ക് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ജഡ്ജി തെറിച്ചുവീണു. ബൈക്ക് യാത്രികനും റോഡിൽ വീണെങ്കിലും ഉടൻ തന്നെ എഴുന്നേറ്റ് ഫോണടക്കമുള്ളവ എടുത്ത് പോക്കറ്റിലിട്ട് ബൈക്കുമായി കടന്നുകളയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കരുണാനിധിയെ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
തുടർന്ന്, പൊള്ളാച്ചി ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കഞ്ഞംപട്ടി സ്വദേശി വഞ്ചിമുത്തുവാണ് അപകടമുണ്ടാക്കിയ ബൈക്ക് ഡ്രൈവറെന്ന് വ്യക്തമാവുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.