തമിഴ്നാട്ടിലും ഗവർണർ-സർക്കാർ പോര്; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണര്‍ ഇറങ്ങിപ്പോയി

ഗവർണറുടെ നടപടി ശരിയല്ലെന്ന് ഭരണകക്ഷി എം.എൽ.എമാർ ബഹളം വെച്ചതോടെ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ഇറങ്ങിപ്പോകുകയായിരുന്നു

Update: 2023-01-09 08:46 GMT
Advertising

തമിഴ്നാട്ടിലും ഗവർണർ സർക്കാർ പോര്. തമിഴ്നാട് ഗവർണർ ആർ.എൻ രവി നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രസംഗത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇടപെട്ടതാണ് ഗവർണറെ ചൊടിപ്പിച്ചത്. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവർണർ വായിച്ചതെന്ന് സ്റ്റാലിൻ പറഞ്ഞു.

തമിഴ്നാടിനേക്കാൾ നല്ലത് 'തമിഴകം' ആണെന്ന് ഗവർണർ ആർ.എൻ രവി മുൻപ് നടത്തിയ പരാമർശത്തിനെതിരെ ഡി.എം.കെ അഗങ്ങള്‍ പ്രധിഷേധിക്കുമ്പോഴാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ആർ.എസ്.എസ്, ബി.ജെ.പി പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കരുതെന്ന മുദ്രാവാക്യം വിളികളോടുകൂടിയായിരുന്നു ഡി.എം.കെയുടെ പ്രതിഷേധം. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവർണർ വായിച്ചതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പറഞ്ഞു

ഗവർണർ പ്രസംഗം തുടരുന്നതിനിടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇടപെട്ടു. സർക്കാർ എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവർണർ വായിച്ചതെന്ന് സ്റ്റാലിൻ പറഞ്ഞു. ഗവർണറുടെ നടപടി ശരിയല്ലെന്ന് ഭരണകക്ഷി എം.എൽ.എമാർ ബഹളം വെച്ചതോടെ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ഇറങ്ങിപ്പോകുകയായിരുന്നു. ഗവര്‍ണര്‍ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ സ്പീക്കര്‍ പരിഭാഷയില്‍ വായിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയ ഗവര്‍ണര്‍ അദ്ദേഹത്തിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി

അംബേദ്ക്കർ, പെരിയാർ, കാമരാജ്,തുടങ്ങിയ പേരുകൾ പറയാൻ ഗവർണർ വിസമ്മതിച്ചതാണ് ഡി.എം.കെയെ ചൊടിപ്പിച്ചത്. എഴുതിനൽകാത്ത കാര്യങ്ങൾ ഗവർണർ പ്രസംഗിച്ചെന്നും ഡി.എം.കെ ആരോപിച്ചു. പ്രസംഗം അഞ്ചാം തീയതി ഗവർണർക്ക് നൽകിയതാണെന്നും, അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങൾ പറയാനുളള വേദിയല്ല നിയമസഭയെന്നും ഡി.എം.കെ പറഞ്ഞു. ഗവർണർ സഭ സ്ഥലംവിട്ടതിനു പിന്നാലെ സഭയിൽ ക്വിറ്റ് തമിഴ്നാട് മുദ്രാവാക്യവും മുഴങ്ങി

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News