'മതസ്വാതന്ത്ര്യത്തിന് എതിര്'; വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്

ബിൽ മുസ്‌ലിം വികാരം വ്രണപ്പെടുത്തുന്നതാണെന്നും വഖഫ് ബോർഡിന്റെ അധികാരത്തിനു നേരെയുള്ള ഭീഷണിയാണെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.

Update: 2025-03-27 11:06 GMT
Tamil Nadu passes resolution against Centres Waqf Amendment Bill
AddThis Website Tools
Advertising

ചെന്നൈ: വിവാദ വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്. ബിൽ ന്യൂനപക്ഷ അവകാശങ്ങൾക്കു നേരയുള്ള ആക്രമണമാണെന്നും പൂർണമായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് തമിഴ്നാട് പാസാക്കിയത്. ബിൽ മതസ്വാതന്ത്ര്യത്തിന് എതിരും മുസ്‌ലിം വികാരം വ്രണപ്പെടുത്തുന്നതുമാണെന്നും വഖഫ് ബോർഡിന്റെ അധികാരത്തിനു നേരെയുള്ള ഭീഷണിയാണെന്നും പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. പ്രതിപക്ഷമായ എഐഎഡിഎംകെയുൾപ്പെടെ പ്രമേയത്തെ പിന്തുണച്ചപ്പോൾ ബിജെപി മാത്രമാണ് എതിർത്തത്.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ വഖഫ് ബോർഡിനെ ദുർബലപ്പെടുത്താനും മുസ്‌ലിം സമൂഹത്തിന്റെ നേട്ടത്തിനായി പരമ്പരാഗതമായി ഇസ്‌ലാമിക നിയമത്താൽ നിയന്ത്രിക്കപ്പെടുന്ന വഖഫ് സ്വത്തുക്കളുടെ ഭരണത്തിൽ ഇടപെടാനും ലക്ഷ്യമിട്ടുള്ളതാണെന്ന് സ്റ്റാലിൻ പറഞ്ഞു. 'സർക്കാർ കണ്ടെത്തുന്ന ഏതൊരു വഖഫ് സ്വത്തും വഖഫ് ബോർഡിന് കീഴിൽ വരില്ലെന്ന് ഭേദഗതികൾ പറയുന്നു. ഇത് അംഗീകരിക്കാനാവില്ല. ഇത് വെറുമൊരു നിയമപ്രശ്നമല്ല. ന്യൂനപക്ഷങ്ങളുടെയും അവരുടെ സ്ഥാപനങ്ങളുടെയും ഭരണഘടനാ അവകാശങ്ങൾക്കു നേരെയുള്ള ആക്രമണമാണിത്. ഞങ്ങൾ ഇതിനെ തുടർന്നും എതിർക്കും'- സ്റ്റാലിൻ വ്യക്തമാക്കി.

ബില്ലിൽ നിർദിഷ്ട മാറ്റങ്ങൾക്ക് ഡിഎംകെയുൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഇതിനകം തന്നെ ശക്തമായ എതിർപ്പുകൾ ഉയർന്നിട്ടുണ്ടെന്നും അതിന്റെ ഫലമായി ബിൽ കൂടുതൽ അവലോകനത്തിനായി കേന്ദ്രം സംയുക്ത ഉപദേശക സമിതിക്ക് വിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തങ്ങളുടെ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം ദുർബലപ്പെടുത്താനുള്ള മറ്റൊരു ശ്രമമാണെന്ന് മുസ്‌ലിംകൾക്കിടയിൽ ഭയം വർധിച്ചുവരികയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

നിയമമന്ത്രി എസ്. രഗുപതി സ്റ്റാലിന്റെ അഭിപ്രായങ്ങളെ പിന്താങ്ങി. മറ്റ് മതങ്ങളിൽ നിന്നുള്ള വ്യക്തികളെ മതപരമായ സ്വഭാവമുള്ള ഒരു സ്ഥാപനത്തിലേക്ക് നിയമിക്കുന്നതിന് പിന്നിലെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്തു. അത്തരം നിയമനങ്ങൾ ഭരണപ്രശ്‌നങ്ങൾക്കും വഖഫ് സ്വത്തുക്കളുടെ ദുരുപയോഗത്തിനും കാരണമാകുമെന്ന് ര​ഗുപതി വാദിച്ചു.

അതേസമയം, വഖഫ് ബോർഡുകൾക്കുള്ളിലെ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുക എന്നതാണ് മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ ലക്ഷ്യമെന്ന് വാദിച്ച് ബിജെപി എംഎൽഎ വനതി ശ്രീനിവാസൻ ഭേദഗതികളെ ന്യായീകരിച്ചു. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുകൾ സംബന്ധിച്ച ദീർഘകാല പരാതികൾ പരിഹരിക്കുകയും തുല്യമായ ഭരണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ഉദ്ദേശ്യമെന്നും അവർ അവകാശപ്പെട്ടു.

വഖഫ് ഭേദഗതി ബില്ലിനെതിരെ നേരത്തെ കര്‍ണാടക നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. ഏകപക്ഷീയ ബില്ലാണിതെന്നും പ്രതിപക്ഷ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തിരസ്‌കരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രമേയം പാസാക്കിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News