ശിവസേനയിലെ വിമതനീക്കം എംപിമാരിലേക്കും; ലോക്‌സഭയിൽ പുതിയ ചീഫ് വിപ്പിനെ നിയോഗിച്ച് ഉദ്ധവ് പക്ഷം
ലോക്‌സഭയിൽ 18ഉം രാജ്യസഭയിൽ മൂന്നും എം.പിമാരാണ് ശിവസേനക്കുള്ളത്. ഇതിൽ 12പേരും തങ്ങൾക്കൊപ്പമാണെന്ന് വിമത എംഎൽഎ ആയ ഗുലാബ് റാവു പാട്ടീൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
ന്യൂഡൽഹി: ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ തുടങ്ങിയ ശിവസേനയിലെ വിമതനീക്കം എംപിമാരിലേക്കും വ്യാപിക്കുന്നു. എംപിമാർക്കിടയിലെ കൂറുമാറ്റ സാധ്യത മുന്നിൽക്കണ്ട് ഉദ്ധവ് പക്ഷം ലോക്‌സഭയിൽ പുതിയ ചീഫ് വിപ്പിനെ നിയോഗിച്ചു. ഭാവ്‌ന ഗവ്‌ലിയെ മാറ്റി രാജൻ വിചാരയെ പുതിയ ചീഫ് വിപ്പായി നിയോഗിച്ചതായി അറിയിച്ച് മുതിർന്ന പാർട്ടി നേതാവ് സഞ്ജയ് റാവത്ത് ലോക്‌സഭാ സ്പീക്കർക്ക് ബുധനാഴ്ച കത്ത് നൽകി.
ലോക്‌സഭയിൽ 18ഉം രാജ്യസഭയിൽ മൂന്നും എം.പിമാരാണ് ശിവസേനക്കുള്ളത്. ഇതിൽ 12പേരും തങ്ങൾക്കൊപ്പമാണെന്ന് വിമത എംഎൽഎ ആയ ഗുലാബ് റാവു പാട്ടീൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഭൂരിപക്ഷം എം.പിമാരും തങ്ങൾക്കൊപ്പമാണെന്നും ഏക്‌നാഥ് ഷിൻഡെ പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമുവിനെ പിന്തുണക്കണമെന്ന് ചില എം.പിമാർ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ട് ഭിന്നിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ചീഫ് വിപ്പിനെ മാറ്റാൻ ഉദ്ധവ് പക്ഷം തീരുമാനിച്ചത്.
ബിജെപി നേതൃത്വത്തിന്റെ പിന്തുണയോടെ ഏക്‌നാഥ് ഷിൻഡെ നടത്തിയ വിമതനീക്കത്തിൽ 55 എംഎൽഎമാരിൽ 40 പേരാണ് കൂറുമാറിയത്. ഏക്‌നാഥ് ഷിൻഡെ ബിജെപിയുമായി കൈകോർത്തതോടെ കഴിഞ്ഞ ആഴ്ച ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെ ഷിൻഡെ മുഖ്യമന്ത്രിയാവുകയും തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു.