'നരേന്ദ്ര മോദിക്ക് ആറ് സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിൽ ലാലുവിനെ പരിഹസിച്ച നിതീഷിന് മറുപടിയുമായി തേജസ്വി യാദവ്
ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോ? എന്നായിരുന്നു ലാലുവിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് നിതീഷ് കുമാറിന്റെ ചോദ്യം.
പട്‌ന: കൂടുതൽ മക്കളുണ്ടായതിന്റെ പേരിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ പരിഹസിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് മറുപടിയുമായി ലാലുവിന്റെ മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നായിരുന്നു നിതീഷിന്റെ പ്രസ്താവന. ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോയെന്നും നിതീഷ് ചോദിച്ചിരുന്നു. കതിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമർശം.
ഇതിന് മറുപടിയുമായാണ് ഇപ്പോൾ തേജസ്വി രംഗത്തെത്തിയിരിക്കുന്നത്. നിതീഷ് കുമാർ ഇത്തരത്തിൽ മക്കളുടെ പേരിലൊന്നും അധിക്ഷേപിച്ച് സംസാരിക്കുന്ന ആളല്ല എന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചുറ്റിലുമുള്ള ചില ആളുകളാണ് ഇതിന് പിന്നിലുള്ള അവരുടെ അറിവിലേക്കായി ചിലത് പറയുന്നു എന്ന് പറഞ്ഞാണ് തേജസ്വി കൂടുതൽ മക്കളുള്ള ആളുകളെ അക്കമിട്ട് നിരത്തിയത്.
1. മഹാനായ സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന് 14 സഹോദരങ്ങളുണ്ടായിരുന്നു
2. ഭരണഘടനാ ശിൽപ്പിയായ ബാബാ സാഹബ് അംബേദ്ക്കർക്ക് 14 സഹോദരങ്ങളുണ്ടായിരുന്നു. അംബേദ്ക്കർ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ അവസാനത്തെ കുട്ടിയായിരുന്നു.
3. പണ്ഡിതനും ഭാരത രത്‌ന ജേതാവുമായ മുൻ രാഷ്ട്രപതി വി.വി ഗിരിക്ക് 14 മക്കളുണ്ടായിരുന്നു.
4. മുൻ പ്രധാനമന്ത്രി വാജ്‌പേയിക്ക് ഏഴ് സഹോദരങ്ങളുണ്ടായിരുന്നു.
5. മുഖ്യമന്ത്രി നിതീഷ് കുമാറിന് തന്നെ അഞ്ച് സഹോദരങ്ങളുണ്ട്.
6. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആറ് സഹോദരങ്ങളുണ്ട്.
7. മോദിയുടെ പിതാവ് ദാമോദർ ദാസിന് ഏഴ് സഹോദരങ്ങളുണ്ട്.
8. പ്രധാനമന്ത്രി മോദിയുടെ അമ്മാവൻ നർസിങ് ദാസിന് എട്ട് മക്കളുണ്ട്.
9. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഏഴ് സഹോദരങ്ങളുണ്ട്.
10. പട്‌ന സാഹിബ് എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദിന് ഏഴ് സഹോദരങ്ങളുണ്ട്.
11. തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് 10 സഹോദരങ്ങളുണ്ട്.
12. ദേശീയ ഗാനം രചിച്ച രവീന്ദ്രനാഥ് ടാഗോറിന് ഏഴ് സഹോദരങ്ങളുണ്ട്.
13. മുൻ പ്രധാനമന്ത്രി ദേവഗൗഡക്ക് ആറ് മക്കളുണ്ട്.
14. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് എട്ട് മക്കളുണ്ട്.