തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ പൊലീസ് കസ്റ്റഡിയില്‍: പകപോക്കല്‍ രാഷ്ട്രീയമെന്ന് ബി.ജെ.പി

ഇന്നലെ അർധരാത്രിയിൽ കരീംനഗറിലെ വീട്ടിൽ നിന്നാണ് ഏറെ നാടകീയതകൾക്കൊടുവിൽ കസ്റ്റഡിയിലെടുത്തത്

Update: 2023-04-05 03:00 GMT
Advertising

ഹൈദരാബാദ്: തെലങ്കാന ബി.ജെ.പി അധ്യക്ഷനും എം.പിയുമായ ബണ്ഡി സഞ്ജയ് കുമാർ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ അർധരാത്രിയിൽ കരീംനഗറിലെ വീട്ടിൽ നിന്നാണ് ഏറെ നാടകീയതകൾക്കൊടുവിൽ കസ്റ്റഡിയിലെടുത്തത്. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് സഞ്ജയ് കുമാറിനെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. സെക്കന്‍ററി സ്‌കൂൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സഞ്ജയ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കാരണം വ്യക്തമാക്കാതെയാണ് സഞ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും പകപോക്കുകയാണ് ബി.ആര്‍.എസ് സർക്കാരെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രിമേന്ദർ റെഡ്ഡി ആരോപിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധമറിയിച്ച ബി.ജെ.പി നേതാക്കൾ സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്തു. നൽഗൊണ്ട ജില്ലയിലെ ബൊമ്മല രാമറാം പൊലീസ് സ്‌റ്റേഷനിലേക്കാണ് സഞ്ജയ് കുമാറിനെ കൊണ്ടുപോയത്.

മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനോട് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സഞ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. തന്നെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കത്തിനിടെയുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സഞ്ജയ് കുമാര്‍ ട്വീറ്റ് ചെയ്തതിങ്ങനെ- "ബി.ആർ.എസിന് ഭയമാണ്. ആദ്യം അവർ എന്നെ പ്രസ് മീറ്റ് നടത്തുന്നതിൽ നിന്ന് തടഞ്ഞു. ഇപ്പോൾ രാത്രി വൈകി എന്നെ അറസ്റ്റ് ചെയ്യുന്നു. ഞാന്‍ ചെയ്ത തെറ്റ് ബി.ആർ.എസ് സർക്കാരിന്‍റെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യംചെയ്തു എന്നതാണ്. ഞാൻ ജയിലില്‍ അടയ്ക്കപ്പെട്ടാലും ബി.ആർ.എസിനെ ചോദ്യം ചെയ്യുന്നത് നിർത്തരുത്. ജയ് ശ്രീറാം! ഭാരത് മാതാ കീ ജയ്! ജയ് തെലങ്കാന!"

തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (ടി.എസ്‌.പി.എസ്‌.സി) നടത്തിയ പരീക്ഷയുടെയും പത്താം ക്ലാസ് പരീക്ഷയുടെയും ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും മകന്‍ കെ.ടി രാമറാവുവും രാജിവെയ്ക്കണമെന്ന് സഞ്ജയ് കുമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ തെലങ്കാന സന്ദർശനം തടസ്സപ്പെടുത്താനുള്ള നിയമവിരുദ്ധ നടപടിയാണ് സഞ്ജയ് കുമാറിന്‍റെ കസ്റ്റഡിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രിമേന്ദർ റെഡ്ഡി ആരോപിച്ചു. സെക്കന്തരാബാദിൽ നിന്ന് തിരുപ്പതിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനാണ് ശനിയാഴ്ച പ്രധാനമന്ത്രി തെലങ്കാനയിലെത്തുന്നത്.


Summary- Telangana BJP president Bandi Sanjay Kumar alleged that he was forcefully detained from his Karimnagar residence on Wednesday

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News