പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ ചോർത്തി; ബി.ജെ.പി നേതാവ് അറസ്റ്റിൽ
പെൻഡ്രൈവിലാണ് വീഡിയോ ചേർത്തിയത്
ബംഗളൂരു: കർണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ ചോർത്തിയെന്ന കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. അഡ്വ. ജി. ദേവരാജ് ഗൗഡയാണ് അറസ്റ്റിലായത്.
പെൻഡ്രൈവിലാണ് ഇയാൾ വീഡിയോ ചേർത്തിയത്. ഹാസൻ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, താനല്ല വീഡിയോ ചോർത്തിയതെന്നും കോൺഗ്രസാണ് അത് ചെയ്തതെന്നും ആരോപിച്ച് ഇദ്ദേഹം രംഗത്തുവന്നിരുന്നു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രജ്വൽ രേവണ്ണയുടെ പിതാവ് എച്ച്.ഡി. രേവണ്ണക്കെതിരെ ഹോളനരസിപുര മണ്ഡലത്തിൽ ദേവരാജ ഗൗഡ മത്സരിച്ചിരുന്നു. സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ എച്ച്.ഡി. രേവണ്ണ നിലവിൽ ജയിലിലാണ്.
ഏപ്രിൽ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വൽ സംഭവം വിവാദമായതോടെ രാജ്യം വിട്ടിട്ടുണ്ട്.
ഇയാൾക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറാണ് പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.