കേന്ദ്രത്തിനെതിരായ സമരത്തിലേക്ക് എം കെ സ്റ്റാലിനെ ക്ഷണിച്ച് സർക്കാർ
മന്ത്രി പി രാജീവാണ് സ്റ്റാലിനെ നേരിട്ട് ക്ഷണിച്ചത്
ചെന്നൈ: കേന്ദ്രത്തിനെതിരായ സമരത്തിലേക്ക് എം കെ സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് സംസ്ഥാന സർക്കാർ. മന്ത്രി പി രാജീവാണ് സംസ്ഥാനത്തിന് വേണ്ടി സ്റ്റാലിനെ നേരിട്ട് ക്ഷണിച്ചത്. അടുത്തമാസം എട്ടാം തീയതിയാണ് കേന്ദ്രത്തിനെതിരായി ഡൽഹിയിൽ സമരം നടത്താൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ക്ഷണം പി രാജീവ് എം.കെ സ്റ്റാലിന് കൈമാറി.
കേന്ദ്രത്തിന് എതിരെ സമരം ചെയ്യാൻ സംസ്ഥാന സർക്കാർ യു.ഡി.എഫിനെ ക്ഷണിച്ചിരുന്നു. എന്നാൽ സമരത്തോട് സഹകരിക്കേണ്ടെന്നാണ് യു.ഡി.എഫ് ഏകോപന സമിതിയുടെ തീരുമാനം. പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുമ്പേ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചത് ശരിയായില്ല.സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരും ഉത്തരവാദികളെന്ന് യു.ഡി.എഫ് വിലയിരുത്തൽ.
സമരത്തോട് യു.ഡി.എഫ് സഹകരിച്ചാൽ കുറ്റക്കാർ കേന്ദ്ര സർക്കാർ മാത്രമായി മാറും. അത് സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ വഴിയൊരുക്കുമെന്നും വിലയിരുത്തൽ.