ഇൻഡ്യാ മുന്നണി ആടിയുലയുന്നു; അടിയന്തരാവസ്ഥ പ്രമേയത്തിനെതിരായ പ്രതിഷേധത്തിൽ കക്ഷികൾ വിട്ടു നിന്നു: പരിഹാസവുമായി ബിജെപി
കക്ഷികളായ എസ്.പി, ടി.എം.സി, ഡി.എം.കെ തുടങ്ങിയവർ പ്രതിഷേധത്തിൽ നിന്ന് വിട്ടു നിന്നത് മുന്നണി ആടിയുലയുന്നതിന്റെ സൂചനയാണെന്ന് പരിഹാസം
ഡൽഹി: അടിയന്തരാവസ്ഥ പ്രമേയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി. അടിയന്തരാവസ്ഥയെ അപലപിച്ച് സ്പീക്കർ ഓം ബിർള ലോക്‌സഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ കോൺഗ്രസിനൊപ്പം പ്രതിഷേധിക്കാൻ ഇൻഡ്യാ മുന്നണിയിൽ നിന്നാരും പങ്കെടുത്തില്ലെന്നും മുന്നണി ആടിയുലയുകയാണെന്നുമാണ് ബിജെപിയുടെ പരിഹാസം.
മുന്നണിയിലെ പ്രധാന കക്ഷികളായ എസ്.പി, ടി.എം.സി, ഡിഎംകെ തുടങ്ങിയവർ കോൺഗ്രസിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നത് മുന്നണി ആടിയുലയുന്നതിന്റെ സൂചനയാണെന്നും ബിജെപി ആരോപിച്ചു.
ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം ബിർള സഭയിൽ വായിക്കുകയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഓം ബിർല പ്രമേയത്തിൽ പറഞ്ഞു.
സ്പീക്കർ തെരഞ്ഞെടുപ്പും അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടുള്ള സഭാ നേതാക്കളുടെ പ്രസംഗവുമായിരുന്നു ഇന്നത്തെ ലോക്‌സഭയുടെ പ്രധാന അജണ്ട. അജണ്ടയിൽ ഉൾപ്പെടുത്താതെയാണ് സ്പീക്കർ പ്രമേയം അവതരിപ്പിച്ചത്. നടപടിയിൽ കോൺഗ്രസും ഇൻഡ്യാ മുന്നണിയും പ്രതിഷേധിച്ചു.