'രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കണം, അയോഗ്യനാക്കിയത് കോടതി'; രാഹുല്‍ ഗാന്ധിക്കെതിരെ അമിത് ഷാ
'നടപടികൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ സഭാ സമ്മേളനം അവസാനിച്ചത് ചരിത്രത്തിൽ ആദ്യമാണ്. പ്രതിപക്ഷം ജനാധിപത്യത്തിന് വലിയ നാണക്കേടാണ് വരുത്തി വെച്ചത്'
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കോടതിയാണെന്നും രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കണമെന്നും അമിത്ഷാ പറഞ്ഞു.
കറുത്ത വസ്ത്രം അണിഞ്ഞ് വന്നാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. നടപടികൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ സഭാ സമ്മേളനം അവസാനിച്ചത് ചരിത്രത്തിൽ ആദ്യമാണ്. പ്രതിപക്ഷം ജനാധിപത്യത്തിന് വലിയ നാണക്കേടാണ് വരുത്തി വെച്ചത്. വിദേശത്ത് പോയി ഇന്ത്യക്കെതിരെ നുണ പ്രചരണം നടത്തി. ഇത് പാടില്ലായിരുന്നു. രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ ബി.ജെ.പിയുടെ പ്രവർത്തകർ തയ്യാറാണം. അമിത് ഷാ പറഞ്ഞു.
നേരത്തേയും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ അമിത് ഷാ പ്രതികരിച്ചിരുന്നു. നടപടി നിയമപരമായ വിഷയമാണെന്നായിരുന്നു നേരത്തേ അമിത് ഷായുടെ പ്രതികരംണം. നിരപരാധിയെങ്കിൽ നിയമം രാഹുലിനെ വിട്ടയക്കും. നിയമപരമായ പ്രശ്‌നത്തിൽ തങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ലെന്നും അമിത് ഷാ ബുധനാഴ്ച പറഞ്ഞു.
കോടതി ശിക്ഷിച്ചതിന് ശേഷം അംഗത്വം നഷ്ടപ്പെട്ട ഒരേയൊരു രാഷ്ട്രീയക്കാരൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയല്ലെന്നും അതിനെക്കുറിച്ച് കരയാനും പ്രതിഷേധിക്കാനും ഒന്നുമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. കീഴ്‌ക്കോടതി വിധിക്കെതിരെ രാഹുലിന് മേൽക്കോടതിയെ സമീപിക്കാം.പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഷാ കൂട്ടിച്ചേർത്തു. ''തൻറെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപ്പീൽ നൽകിയിട്ടില്ല. എന്തൊരു അഹങ്കാരമാണിത്? നിങ്ങൾക്ക് അനുകൂലമായിട്ടുള്ളത് വേണമെന്നാണോ? കോടതി വിധിയുടെ പേരിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനല്ല രാഹുൽ. ഇതിലും വലിയ സ്ഥാനത്തിരുന്ന അനുഭവ സമ്പത്തുള്ള രാഷ്ട്രീയക്കാർക്ക് അംഗത്വം നഷ്ടമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് (ബിഹാർ), ജെ ജയലളിത (തമിഴ്‌നാട്) എന്നിവരുൾപ്പെടെ 17 രാഷ്ട്രീയ നേതാക്കൾ നിയമസഭയിലോ പാർലമെൻറിലോ അംഗമായിരുന്നപ്പോൾ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അവർക്ക് ഗാന്ധിയെക്കാൾ കൂടുതൽ അനുഭവപരിചയമുണ്ടെന്നും'' അദ്ദേഹം പറഞ്ഞു.
അയോഗ്യതാ വിഷയത്തിൽ ഇന്ന് രാഹുൽ ഗാന്ധിയെ സഹായിക്കുമായിരുന്ന ഓർഡിനൻസ് സ്വന്തം സർക്കാരിൻറെ കാലത്ത് കീറിയെറിഞ്ഞത് രാഹുൽ തന്നെയാണെന്നും അമിത് ഷാ ഓർമിപ്പിച്ചു. കോടതി ശിക്ഷിക്കപ്പെടുന്ന ആർക്കും പാർലമെൻറിലോ അസംബ്ലിയിലോ അംഗത്വം നഷ്ടപ്പെടുന്നതാണ് രാജ്യത്തെ നിയമമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ധാരാളം വലിയ അഭിഭാഷകരുണ്ട്, അവരിൽ ചിലർ രാജ്യസഭാംഗങ്ങളാണ്. നിയമപ്രശ്‌നങ്ങളെക്കുറിച്ച് അവർ അദ്ദേഹത്തെ ഉപദേശിക്കണം. തൻറെ ഔദ്യോഗിക വസതി ഒഴിയാൻ രാഹുലിന് ഉടൻ നോട്ടീസ് നൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തിടുക്കമില്ലെന്നും ഇത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും ഷാ പറഞ്ഞു.