മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് മുൻതൂക്കം; പുതിയ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
മഹാവികാസ് അഘാഡിക്ക് 100 സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം വീണ്ടും അധികാരത്തിലേറുമെന്ന് പുതിയ എക്സിറ്റ് പോൾ ഫലങ്ങൾ. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിക്ക് ഏകദേശം 100 സീറ്റ് മാത്രമാണ് ഇവ പ്രവചിക്കുന്നത്. 288 സീറ്റാണ് മഹാരാഷ്ട്രയിൽ ആകെയുള്ളത്.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം മഹായുതി സഖ്യം 178 മുതൽ 200 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ഉദ്ധവ് താക്കറെ വിഭാഗം ശിവസേന, കോൺഗ്രസ്, ശരത് പവാറിെൻറ എൻസിപി എന്നിവരടങ്ങിയ മഹാവികാസ് അഘാഡി സഖ്യം 82 മുതൽ 102 സീറ്റുകളിലായി ഒതുങ്ങും. 48 ശതമാനം വോട്ടും ഭരണ മുന്നണി നേടുമെന്നും പ്രതിപക്ഷത്തിന് 37 ശതമാനം മാത്രമേ ലഭിക്കൂവെന്നും എക്സിറ്റ് പോളിൽ പറയുന്നു.
ബിജെപി 98 മുതൽ 107 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്. ശിവസേന 53-58, എൻസിപി 25-30 സീറ്റുകളും നേടും. മറ്റു ചെറുപാർട്ടികൾ നാല് സീറ്റുകൾ വരെ നേടുമെന്നും പ്രവചിക്കുന്നു.
ടുഡേയുടെ ചാണക്യയും മഹായുതി സഖ്യത്തിന് 175 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. മഹാവികാസ് അഘാഡി സഖ്യം 100 സീറ്റുകൾ വരെയും മറ്റു പാർട്ടികൾ 13 സീറ്റുകൾ വരെയും നേടും. ബുധനാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിഭാഗവും മഹായുതി സഖ്യത്തിനാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. അതേസമയം, രണ്ട് എക്സിറ്റ് പോളുകൾ മഹാവികാസ് അഘാഡി സഖ്യത്തിനും സാധ്യത കൽപ്പിക്കുന്നുണ്ട്.